ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയില്‍ ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ജനകീയ അടുക്കള (ജന്‍ രസോയി) എന്ന പേരില്‍ തുടങ്ങുന്ന ആദ്യ കാന്റീനിന്റെ ഉദ്ഘാടനം ഇന്ന് ഡല്‍ഹിയിലെ ഗാന്ധി നഗറില്‍ നടക്കും. രണ്ടാമത്തെ കാന്റീന്‍ അശോക് നഗറില്‍ റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കുമെന്നും ഗൗതം ഗംഭീറിന്റെ ഓഫീസ് അറിയിച്ചു.
ചോറ്, പരിപ്പു കറി, പച്ചക്കറി ചേര്‍ത്ത കറി എന്നിവ ഉള്‍പ്പെട്ട ഭക്ഷണമാണ് തയാറാക്കുന്നത്. ഗൗതം ഗംഭീര്‍ ഫൗണ്ടേഷനില്‍ നിന്നുള്ള ഫണ്ടും എംപിയുടെ വ്യക്തിഗത സഹായവും ചേര്‍ത്താണ് പദ്ധതിക്കുള്ള പണം കണ്ടെത്തുന്നത്. ഈസ്റ്റ് ഡല്‍ഹിയിലെ 10 നിയമസഭ മണ്ഡലങ്ങളിലും ഓരോ കാന്റീനുകള്‍ തുടങ്ങാനാണ് പദ്ധതി.
ഒരേ സമയത്ത് നൂറ് പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം ഇപ്പോള്‍ ഒരേ സമയം 50 പേര്‍ക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണത്തിന് അവകാശമുണ്ടെന്നും ജാതി, മത, സാമ്പത്തിക പരിഗണനകളില്ലാതെ ഭക്ഷണം ലഭിക്കേണ്ടതുണ്ടെന്നും ഗൗതം ഗംഭീര്‍ എംപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.