തിരുവനന്തപുരത്തെ ലുലു മാളിനെതിരെ ഹൈക്കോടതി രംഗത്ത്; എങ്ങനെ നിര്‍മാണത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചുവെന്ന് വിശദീകരിക്കണം
കൊച്ചി: തിരുവനന്തപുരത്തെ ലുലു മാളിന്റെ നിര്‍മാണത്തിന് പാരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ അനുമതി ലഭിച്ചത് സംബന്ധിച്ച രേഖകള്‍ തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി. കേസില്‍ വിശദീകരണം നല്‍കാന്‍ എതിര്‍ കക്ഷികള്‍ പത്ത് ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. നിയമ ലംഘനമുണ്ടെങ്കില്‍ എങ്ങിനെ നിര്‍മ്മാണം മുന്നോട്ടു കൊണ്ടു പോകുമെന്നും കോടതി ചോദിച്ചു. പാരിസ്ഥിതിക പ്രാധാന്യമുള്ള അതീവ ഗൗരവുള്ള വിഷയമാണിതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തി അമ്പതിനായിരം ചതുരശ്രമീറ്ററിന് അനുമതി നല്‍കാനേ സംസ്ഥാന പരിസ്ഥിതിക ആഘാത സമിതിക്ക് അധികാരമുള്ളു. പിന്നെ എങ്ങനെ രണ്ടര ലക്ഷം ചതുരശ്ര മീറ്ററിന് അനുമതി ലഭിച്ചു എന്നും കോടതി ചോദിച്ചു.
തിരുവന്തപുരത്ത് പാര്‍വതി പുത്തനാറിന്റെ തീരത്ത് നിര്‍മിക്കുന്ന മാള്‍ ചട്ടം ലംഘിച്ചാണ് നിര്‍മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി എം കെ സലിം സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 1,50,000 ചതുരശ്ര മീറ്ററിന് മേല്‍ കാര്‍പറ്റ് ഏരിയയുള്ള കെട്ടിടങ്ങള്‍ക്ക് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയമാണ് പാരിസ്ഥിതികാനുമതി നല്‍കേണ്ടത്. ആക്കുളത്ത് നിര്‍മ്മിക്കുന്ന ലുലു മാള്‍ 2,32,400 കാര്‍പ്പറ്റ് ഏരിയയാണ്. ഇതിനു പാരിസ്ഥിതികാനുമതി നല്‍കിയിരിക്കുന്നത് കേരള എന്‍വയണ്‍മെന്റല്‍ ഇംപാക്ട് അസസ്സമെന്റ് അഥോറിറ്റിയാണെന്നും ഇത് നിയമ വിരുദ്ധമാണെന്നുമാണ് സലിമിന്റെ പരാതി. ജൂലൈ 18ന് അഡ്വ. സി.ഇ. ഉണ്ണികൃഷ്ണന്‍ മുഖാന്തരം സമര്‍പ്പിച്ച പരാതി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിക്യം ജ. ജയശങ്കരന്‍ നമ്പ്യാരും അങ്ങുന്ന ബെഞ്ച് എതിര്‍ കക്ഷികളായ ചീഫ് സെക്രട്ടറി, തിരുവനന്തപുരം കലക്ടര്‍, പരിസ്ഥിതി അഥോറിറ്റി, കോര്‍പ്പറേഷന്‍, ലുലു മാള്‍ എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരിന്നു.
പാരിസ്ഥിതിക ശൈഥല്യം നേരിടുന്നതും പ്രതിരോധ താല്‍പര്യ പ്രാധാന്യം ഉള്ളതുമായ പ്രദേശത്താണ് ഈ കൂറ്റന്‍ മാള്‍ പണിയുന്നതെന്തം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐ.എസ്.ആര്‍ഒ , ബ്രഹ്മോസ്, ദക്ഷിണ നാവിക കമാന്റ്, തുടങ്ങിയ നിര്‍ണ്ണായക പ്രതിരോധ ഗവേഷണ സ്ഥാപനങ്ങ8ക്ക് അടുത്താണ് ഈ നിര്‍മാണം ഈ സ്ഥാപനങ്ങളെ കുറിച്ച് സൂചിപ്പിക്കുക പോലും ചെയ്യാതെ പരിസ്ഥിതികാനുമതിപത്രത്തില്‍ പാങ്ങോട് മിലട്ടറി ക്യാമ്പ് ഇവിടെ നിന്നും 12 കി.മി. അകലെയാണെന്നും മാത്രമാണ് പറയുന്നത്. അതിലുപരി അങ്ങേയറ്റം പരിസ്ഥിതി ലോലമായ സി.ആര്‍.സോണ്‍ മൂന്നില്‍ പെട്ട തണ്ണീര്‍ തടത്തിലാണ് ഈ നിര്‍മാണം. ഇവിടെ ഒരു വലിയ പ്രദേശം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ കടുത്ത ജലക്ഷാമത്തിന് വഴിവെക്കുന്ന ഭീകര പാരിസ്ഥിതിക ദുരന്തമാകുംമെന്നും ഹര്‍ജിയില്‍ പറയുന്നു