31.1 C
Kottayam
Friday, May 3, 2024

സൂപ്പർ ജയവുമായി ലഖ്‌നൗ,ചെന്നൈയെ തര്‍ത്തു

Must read

ലക്നൗ:നായകൻ കെ.എൽ.രാഹുലും ക്വിന്റൻ ഡികോക്കും അർധ സെഞ്ചറി നേടിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് അനായാസ ജയം. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കേ ലക്നൗ മറികടന്നു. 8 വിക്കറ്റിനാണ് എൽഎസ്ജി ജയം സ്വന്തമാക്കിയത്. സ്കോർ: ചെന്നൈ സൂപ്പർ കിങ്സ് – 20 ഓവറിൽ 6ന് 176, ലക്നൗ സൂപ്പർ ജയന്റ്സ് – 19 ഓവറിൽ 2ന് 180.

മറുപടി ബാറ്റിങ്ങില്‍ ഡികോക്കും രാഹുലും ചേർന്ന് മികച്ച തുടക്കമാണ് എൽഎസ്ജിക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 134 റൺസാണ് കൂട്ടിച്ചേർത്തത്. 43 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതം 54 റൺസ് നേടിയ ഡികോക്ക് 15–ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്. മുസ്തഫിസ‌ുർ റഹ്മാന്റെ പന്തിൽ വിക്കറ്റ് കീപ്പർ എം.എസ്.ധോണിക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

തകർത്തടിച്ച രാഹുൽ 53 പന്തിൽ 82 റൺസ് നേടിയാണ് പുറത്തായത്. 18–ാം ഓവറിൽ രവീന്ദ്ര ജഡേജ തകർപ്പൻ ക്യാച്ചിലൂടെ താരത്തെ കൂടാരം കയറ്റി. 9 ഫോറും 3 സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. നിക്കോളസ് പുരാൻ 12 പന്തിൽ 23 റൺസും, മാർക്കസ് സ്റ്റോയിനിസ് 7 പന്തിൽ 8 റൺസുമായി പുറത്താകാതെനിന്നു. 

ചെന്നൈ 6ന് 176: അർധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജയുടെയും അവസാന ഓവറുകളിൽ‌ തകർത്തടിച്ച എം.എസ്.ധോണിയുടെയും കരുത്തിലാണ് ചെന്നൈ ലക്നൗ സൂപ്പർ ജയന്റ്സിനു മുന്നിൽ 177 റൺസിന്റെ വിജയലക്ഷ്യമുയർത്തിയത്. 57 റൺസ് നേടിയ ജഡേജയാണ് ചെന്നൈയുടെ ടോപ് സ്കോറർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 176 റണ്‍സ് നേടിയത്. 

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത എൽഎസ്ജി ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന തുടക്കമാണ് ടീമിന് ലഭിച്ചത്. ചെന്നൈ സ്കോർ ബോർഡിൽ 4 റൺസ് ചേർക്കുന്നതിനിടെ രചിൻ രവീന്ദ്രയെ നേരിട്ട ആര്യ പന്തിൽ മൊഹ്സിൻ ഖാൻ ക്ലീൻ ബോൾഡാക്കി. അഞ്ചാം ഓവറിൽ നായകൻ ഋതുരാജ് ഗയ്ക്‌വാദിനെ (13 പന്തിൽ 17) രാഹുലിന്റെ കൈകളിലെത്തിച്ച് യഷ് ഠാക്കൂർ ചെന്നൈക്ക് അടുത്ത പ്രഹരമേൽപിച്ചു. സ്കോർ ഉയർത്തിവന്ന അജിങ്ക്യ രഹാനെ 9–ാം ഓവറിൽ ക്രുണാൽ പാണ്ഡ്യയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 24 പന്തിൽ 36 റൺസാണ് താരത്തിന്റെ സമ്പാദ്യം. 

ഒരുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞുകൊണ്ടിരുന്നെങ്കിലും, നിലയുറപ്പിച്ചു കളിച്ച രവീന്ദ്ര ജഡേജയുടെ ഇന്നിങ്സ് സിഎസ്കെയ്ക്ക് കരുത്തായി. 34 പന്തിലാണ് താരം അർധ ശതകം പൂർത്തിയാക്കിയത്. 40 പന്തിൽ 5 ഫോറും 1 സിക്സും സഹിതം 57 റൺസ് നേടിയ ജഡേജ പുറത്താകാതെനിന്നു. ശിവം ദുബെ (3), സമീർ റിസ്‌വി (1) എന്നിവർ ഇന്നുംം‌ നിരാശപ്പെടുത്തി. 20 പന്തു നേരിട്ട മോയിൻ അലി 30 റൺസ് നേടി പുറത്തായി. 

അവസാന ഓവറുകളിൽ എം.എസ്.ധോണി കരുത്തുറ്റ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ടീം സ്കോർ 170 കടന്നു. 9 പന്തുകൾ നേരിട്ട ധോണി, 3 ഫോറും 2 സിക്സും സഹിതം 28 റൺസാണ് അടിച്ചെടുത്തത്. എൽഎസ്ജിക്കു വേണ്ടി ക്രുണാൽ പാണ്ഡ്യ 2 വിക്കറ്റു വീഴ്ത്തി. മൊഹ്സിൻ ഖാൻ, യഷ് ഠാക്കൂർ, രവി ബിഷ്ണോയ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റു വീതം പിഴുതു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week