ന്യൂഡൽഹി: ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ വനിതാ ഡോക്ടർക്ക് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. ഭീകരസംഘടനയായ ജെയ്‌ഷെ-മുഹമ്മദിൻ്റെ (ജെഇഎം) വനിതാവിഭാഗം സ്ഥാപിക്കുന്നതിനും റിക്രൂട്ട്‌മെൻ്റിനും ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് അറസ്റ്റിലായതെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഡോ. ഷഹീൻ ഷാഹിദാണ് അറസ്റ്റിലായത്. പാകിസ്താനിൽ ജെഇഎം സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ നേതൃത്വം നൽകുന്ന ജെഇഎമ്മിൻ്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമിനാത്തിൻ്റെ ചുമതല ഇവർക്കായിരുന്നു. സാദിയ അസ്ഹറിൻ്റെ ഭർത്താവ് യൂസഫ് അസ്ഹർ, കാണ്ഡഹാർ വിമാനറാഞ്ചലിൻ്റെ മുഖ്യ സൂത്രധാരനായിരുന്നു. ഇയാൾ മേയ് 7-ന് നടന്ന ഓപ്പറേഷൻ സിന്ദൂറില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഷഹീൻ ഷാഹിദ് ലഖ്‌നൗവിലെ ലാൽ ബാഗ് സ്വദേശിനിയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫരീദാബാദിലെ ജെയ്‌ഷെയുടെ ശൃംഖല തകർത്തതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കാറിൽ നിന്ന് ഒരു അസോൾട്ട് റൈഫിളും കണ്ടെടുത്തു. ഷഹീൻ അൽ-ഫലാഹ് സർവകലാശാലയുടെ ഭാഗമാണെന്നും കശ്മീരി ഡോക്ടറായ മുസമ്മിൽ ഗനായിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ട ജെയ്‌ഷെ മുഹമ്മദ്, ഇന്ത്യയിലുൾപ്പെടെ തങ്ങളുടെ സ്വാധീനം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും ഒക്ടോബറിൽ ജമാഅത്ത്-ഉൽ-മോമിനാത്ത് എന്ന പേരിൽ തങ്ങളുടെ ആദ്യത്തെ വനിതാ വിഭാഗം രൂപവത്കരിച്ചതായും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ യൂണിറ്റിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് ഒക്ടോബർ 8-ന് പാകിസ്താനിലെ ബഹാവൽപൂരിലുള്ള മർകസ് ഉസ്മാൻ-ഒ-അലിയിൽ ആരംഭിച്ചു.
മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹറാണ് വനിതാ ബ്രിഗേഡിന് നേതൃത്വം നൽകുന്നതെന്നാണ് റിപ്പോർട്ട്. ജെഇഎം കമാൻഡർമാരുടെ ഭാര്യമാരെയും, ബഹാവൽപൂർ, കറാച്ചി, മുസാഫറാബാദ്, കോട്ലി, ഹരിപൂർ, മൻസെഹ്റ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെയുമാണ് സംഘം റിക്രൂട്ട് ചെയ്യുന്നതെന്നാണ് വിവരം.
മുസൈബ് എന്നറിയപ്പെടുന്ന മുസമ്മിലിനെ ഫരീദാബാദിലെ വാടക മുറികളിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിനെത്തുടർന്നാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ പുൽവാമയിലുള്ള കോയിൽ സ്വദേശിയായ മുസമ്മിൽ, ഡൽഹിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ധൗജിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു.
ശ്രീനഗറിൽ ജെയ്‌ഷെ-മുഹമ്മദിനെ പിന്തുണച്ച് പോസ്റ്ററുകൾ പതിച്ച കേസിൽ ജമ്മു കശ്മീർ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് മുസമ്മിലിനെ അറസ്റ്റ് ചെയ്തത്. ഒരു അസോൾട്ട് റൈഫിളും, ഒരു പിസ്റ്റളും, വെടിക്കോപ്പുകളും സൂക്ഷിക്കാൻ ഉപയോഗിച്ച കാർ ഷഹീൻ ഷാഹിദിൻ്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഫരീദാബാദിൻ്റെ കോഡായ HR 51-ൽ തുടങ്ങുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് കാർ, മുസമ്മിലിനെ ചോദ്യം ചെയ്ത ശേഷമാണ് പോലീസ് പരിശോധിച്ചത്. ഇയാളുടെ വെളിപ്പെടുത്തലുകൾ 350 കിലോഗ്രാം സ്ഫോടകവസ്തുക്കളും (അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്നു), 20 ടൈമറുകളും മറ്റ് സംശയാസ്പദമായ വസ്തുക്കളും കണ്ടെത്താൻ പോലീസിനെ സഹായിച്ചു. വാടകയ്ക്ക് എടുത്ത താമസസ്ഥലത്ത് നിന്നാണ് ഇവ കണ്ടെടുത്തത്.


