ലഖ്‌നൗവിൽ കോച്ചിങ് സെന്ററിലെ തീപ്പിടിത്തത്തിൽ 14 മരണം; കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥികൾ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 14 പേർക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിച്ചിരുന്ന കോച്ചിങ് സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള ഈ കെട്ടിടത്തിന്റെ മുകൾ നിലയിൽ തീപ്പിടിക്കുകയും അത് താഴേക്ക് പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഏഴ് വിദ്യാർഥികൾ ഒന്നാം നിലയിൽനിന്ന് താഴേക്ക് ചാടിയതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. കെട്ടിടത്തിന്റെ തകർന്ന ജനൽ വഴി പുറത്തുകടക്കാൻ ശ്രമിച്ച ഒരു യുവാവ് നിയന്ത്രണം വിട്ട് താഴെയുള്ള വേലിയിലേക്ക് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു ക്ലിനിക്കും പെറ്റ് ഷോപ്പും പ്രവർത്തിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ആറ് പേരെ കെട്ടിടത്തിന് പുറത്തെത്തിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവസ്ഥലം സന്ദർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ നടുക്കം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News