ചണ്ഡീഗഡ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റെക്കോഡ് റണ്‍സ് നേടിക്കൊണ്ട് പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്‌നൗ ഉയര്‍ത്തിയ 258 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 19.5 ഓവറില്‍ 201 റണ്‍സിന് ഓള്‍ഔട്ടായി. 66 റണ്‍സെടുത്ത അഥര്‍വ മാത്രമാണ് ടീമിനായി പിടിച്ചുനിന്നത്. ലഖ്‌നൗ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികച്ച പ്രകടനം പുറത്തെടുത്തു.
റെക്കോഡ് വിജയലക്ഷ്യം മുന്നില്‍ കണ്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയ നായകന്‍ ശിഖര്‍ ധവാന്‍ പെട്ടെന്ന് പുറത്തായി. ഒരു റണ്‍ മാത്രമെടുത്ത താരത്തെ സ്റ്റോയിനിസ് പുറത്താക്കി. പിന്നാലെ മറ്റൊരു ഓപ്പണറായ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ നവീന്‍ ഉള്‍ ഹഖ് വീഴ്ത്തി. ഒന്‍പത് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.
മൂന്നാമനായി ക്രീസിലെത്തിയ യുവതാരം അഥര്‍വ ടൈഡേ മികച്ച പ്രകടനം പുറത്തെടുത്തതോടെ പഞ്ചാബ് ക്യാമ്പില്‍ പ്രതീക്ഷ പരന്നു. നാലാമനായി സിക്കന്ദര്‍ റാസ കൂടി വന്നതോടെ പഞ്ചാബ് സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ 12-ാം ഓവറില്‍ സിക്കന്ദര്‍ റാസയെ മടക്കി യാഷ് ഠാക്കൂര്‍ പഞ്ചാബിന് തിരിച്ചടി സമ്മാനിച്ചു. 22 പന്തില്‍ നിന്ന് 36 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പക്ഷേ മറുവശത്ത് അര്‍ധസെഞ്ചുറി കുറിച്ച് അഥര്‍വ തകര്‍ത്തടിച്ചു.
റാസയ്ക്ക് പകരം വന്ന ലിയാം ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. എന്നാല്‍ മുന്നില്‍ നിന്ന് നയിച്ച അഥര്‍വയുടെ വിക്കറ്റെടുത്ത് രവി ബിഷ്‌ണോയ് മത്സരം പഞ്ചാബിന് അനുകൂലമാക്കി. 36 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 66 റണ്‍സാണ് താരം നേടിയത്. പിന്നാലെ ലിവിങ്സ്റ്റണെയും മടക്കി ബിഷ്‌ണോയ് പഞ്ചാബിനെ തകര്‍ത്തു. 14 പന്തില്‍ 23 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പിന്നാലെ സാം കറനും പുറത്തായി. 21 റണ്‍സെടുത്ത കറനെ നവീന്‍ ഉള്‍ ഹഖ് പുറത്താക്കി. പിന്നാലെ വന്ന ജിതേഷ് ശര്‍മ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചെങ്കിലും ജയം അകന്നിരുന്നു. 10 പന്തില്‍ 24 റണ്‍സെടുത്ത താരത്തെ യാഷ് ഠാക്കൂര്‍ പുറത്താക്കി. ശേഷം ക്രീസിലെത്തിയ രാഹുല്‍ ചാഹറും (0) റബാദയും (0) വേഗത്തില്‍ മടങ്ങി. 20-ാം ഓവറിലെ അഞ്ചാം പന്തില്‍ ആറുറണ്‍സെടുത്ത ഷാരൂഖ് ഖാനും പുറത്തായതോടെ പഞ്ചാബ് 201 റണ്‍സിന് ഓള്‍ ഔട്ടായി.
ലഖ്‌നൗവിന് വേണ്ടി യാഷ് ഠാക്കൂര്‍ നാല് വിക്കറ്റെടുത്തപ്പോള്‍ നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റും രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റും സ്വന്തമാക്കി.ലഖ്‌നൗ പഞ്ചാബിനെതിരേ 20 ഓവറില്‍ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോറാണിത്. ടീമിനായി മാര്‍ക്കസ് സ്‌റ്റോയിനിസും കൈല്‍ മായേഴ്‌സും അര്‍ധസെഞ്ചുറി നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് വേണ്ടി നായകന്‍ കെ.എല്‍.രാഹുലും കൈല്‍ മായേഴ്‌സുമാണ് ക്രീസിലെത്തിയത്. രാഹുല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മായേഴ്‌സ് അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് ടീമിന് മികച്ച അടിത്തറ സമ്മാനിച്ചു. എന്നാല്‍ നാലാം ഓവറില്‍ 12 റണ്‍സെടുത്ത രാഹുലിനെ കഗിസോ റബാദ പുറത്താക്കി. ആദ്യ വിക്കറ്റില്‍ 41 റണ്‍സ് ചേര്‍ത്ത ശേഷമാണ് രാഹുല്‍ മടങ്ങിയത്.
പിന്നാലെ വന്ന ആയുഷ് ബദോനി മായേഴ്‌സിനൊപ്പം അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ സ്‌കോര്‍ കുതിച്ചു. ആറാം ഓവറില്‍ തന്നെ മായേഴ്‌സ് അര്‍ധസെഞ്ചുറി കുറിച്ചു. പിന്നാലെ താരം പുറത്തായി. 24 പന്തില്‍ നിന്ന് ഏഴ് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്ത ശേഷമാണ് മായേഴ്‌സ് മടങ്ങിയത്.
മായേഴ്‌സിന് പകരം വന്ന സ്റ്റോയിനിസും അതേ പാത പിന്തുടര്‍ന്നു. ബൗളര്‍മാരെ കണക്കിന് പ്രഹരിച്ച സ്റ്റോയിനിസും ബദോനിയും ചേര്‍ന്ന് ടീം സ്‌കോര്‍ വെറും 13 ഓവറില്‍ 150 കടത്തി. മൂന്നാം വിക്കറ്റില്‍ ഇരുവരും 89 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ 14-ാം ഓവറില്‍ ബദോനിയെ ലിയാം ലിവിങ്‌സ്റ്റണ്‍ പുറത്താക്കി. 24 പന്തില്‍ നിന്ന് 43 റണ്‍സെടുത്താണ് താരം മടങ്ങിയത്.
പിന്നാലെ വന്ന നിക്കോളാസ് പൂരാന്‍ ബദോനി നിര്‍ത്തിയിടത്തുനിന്ന് തുടങ്ങി. പൂരാനും സ്റ്റോയിനിസും ചേര്‍ന്ന് ബൗളര്‍മാരെ അടിച്ചൊതുക്കി. വെറും 16 ഓവറില്‍ ടീം സ്‌കോര്‍ 200 കടന്നു. 18.1 ഓവറില്‍ ടീം സ്‌കോര്‍ 239-ല്‍ എത്തി. ഇതോടെ ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ലഖ്‌നൗ സ്വന്തമാക്കി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സ്റ്റോയിനിസിനെ മടക്കി സാം കറന്‍ കരുത്തുകാട്ടി. 40 പന്തില്‍ ആറ് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 72 റണ്‍സെടുത്താണ് താരം മടങ്ങിയത്.
സ്‌റ്റോയിനിസിന് പകരം ദീപക് ഹൂഡ ക്രീസിലെത്തി. അവസാന ഓവറില്‍ പൂരാന്‍ പുറത്തായി. 19 പന്തില്‍ 45 റണ്‍സെടുത്ത താരത്തെ അര്‍ഷ്ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വന്ന ക്രുനാല്‍ പാണ്ഡ്യ അഞ്ച് റണ്‍സെടുത്തും ഹൂഡ 11 റണ്‍സ് നേടിയും പുറത്താവാതെ നിന്നു.
പഞ്ചാബ് ബൗളര്‍മാരെല്ലാവരും നന്നായി തല്ലുവാങ്ങി. റബാദ നാലോവറില്‍ 52 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. അര്‍ഷ്ദീപ് നാലോവറില്‍ 52 റണ്‍സാണ് വഴങ്ങിയത് ഒരു വിക്കറ്റും നേടി. സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.