മുംബൈ:ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് (Electric Cars) ജനപ്രിതി വർധിച്ച് വരികയാണ്. കുറഞ്ഞ വിലയിൽ പോലും മികച്ച ഇലക്ട്രിക് കാറുകൾ രാജ്യത്ത് ലഭ്യമാണ്. എല്ലാ പ്രമുഖ കാർ നിർമ്മാതാക്കളും പുതിയ ഇവികൾ പുറത്തിറക്കാനുള്ള ശ്രമങ്ങളിലുമാണ്. മികച്ച റേഞ്ച്, കുറഞ്ഞ മെയിന്റനൻസ് എന്നീ ഗുണങ്ങളുള്ള ഇവികൾ പരിസ്ഥിതി സൌഹൃദവും പെട്രോൾ, ഡീസൽ കാറുകളെക്കാൾ ലാഭകരവുമാണ്. നിലവിൽ രാജ്യത്ത് വിൽപ്പന നടത്തുന്ന ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറുകൾ പരിചയപ്പെടാം.
എംജി കോമെറ്റ് ഇവി ഒരു കോംപാക്റ്റ് 2 ഡോർ ഇവിയാണ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ കൂടിയാണിത്. നഗരങ്ങളിൽ താമസിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ വാഹനം പുറത്തിറക്കിയത്. ഒതുക്കമുള്ള ഡിസൈനുമായി വരുന്ന ഈ കുഞ്ഞൻ ഇവി അതിശയിപ്പിക്കുന്ന റേഞ്ചും വിശാലമായ ഇന്റീരിയറും നൽകുന്നുണ്ട്. എംജി കോമെറ്റ് ഇവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില 7.98 ലക്ഷം രൂപ മുതൽ 9.98 ലക്ഷം രൂപ വരെയാണ്. 230 കിലോമീറ്റർ റേഞ്ചാണ് ഈ വാഹനം നൽകുന്നത്.
എംജി കൊമെറ്റ് ഇവി വരുന്നതിന് മുമ്പ് ഏറ്റവും വില കുറഞ്ഞ ഇലക്ട്രി കാറായിരുന്നു ടാറ്റ ടിയാഗോ ഇവി. ഇന്ന് ഇന്ത്യയിൽ വാങ്ങാവുന്ന ഏറ്റവും മികച്ച ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണിത്. പെട്രോൾ എഞ്ചിനുമായി വരുന്ന ടിയാഗോയ്ക്ക് സമാനമായ ഡിസൈനിൽ വരുന്ന ഈ വാഹനം മാന്യമായ റേഞ്ചും പെർഫോമൻസും നൽകുന്നുണ്ട്. ടാറ്റ ടിയാഗോ ഇവിയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 8.69 ലക്ഷം രൂപ മുതലാണ്. 12.04 ലക്ഷം രൂപ വരെഇവിക്ക് എക്‌സ്‌ഷോറൂം വിലയുണ്ട്. 250 കിലോമീറ്റർ മുതൽ 315 കിലോമീറ്റർ വരെയാണ് ടിയാഗോ ഇവിയുടെ റേഞ്ച്.
ടാറ്റ ടിയാഗോ ഇവിയുടെ അതേ ഹാർഡ്‌വെയർ സവിശേഷതകളുമായട്ടാണ് ടാറ്റ ടിഗോർ ഇവി എന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് മോഡലും വരുന്നത്. നഗരങ്ങളിൽ ടാക്സികളായി ഇവ ധാരാളം ഉപയോഗിക്കുന്നുണ്ട്. ടാറ്റ ടിഗോർ ഇവി ചെറിയ കുടുംബങ്ങൾക്കും വളരെ അനുയോജ്യമാണ്. ടാറ്റ ടിഗോർ ഇവിയുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 12.49 ലക്ഷം രൂപ മുതലാണ്. ഈ വാഹനത്തിന്റെ ഹൈ എൻഡ് വേരിയന്റിന് 13.75 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. 315 കിലോമീറ്റർ വരെ റേഞ്ചും ഈ വാഹനം നൽകുന്നുണ്ട്.
പുതിയ സിട്രോൺ eC3 ഇലക്ട്രിക് ഹാച്ച്ബാക്ക് ഇവി വിപണിയിലെത്തിയിട്ട് അധിക കാലമായിട്ടില്ല. ടിയാഗോ ഇവിക്കെതിരെയാണ് ഈ വാഹനം മത്സരിക്കുന്നത്. ടാറ്റയുടെ ഇലക്ട്രിക് ഹാച്ച്ബാക്കിനെക്കാൾ വലുതാണ് സിട്രോൺ eC3. 11.50 ലക്ഷം രൂപ മുതൽ 12.43 ലക്ഷം രൂപ വരെയാണ് സിട്രോൺ eC3 യുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില. ഒരു തവണ ചാർജ് ചെയ്താൽ ഈ വാഹനം 320 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു. ആകർഷകമായ സവിശേഷതകളും സിട്രോൺ eC3യിൽ ഉണ്ട്.
ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് കാർ വിപണിയിലെ ആധിപത്യത്തിന് തുടക്കമിട്ടത് ടാറ്റ നെക്‌സോൺ ഇവി എന്ന ഇലക്ട്രിക് എസ്‌യുവിയാണ്. 14.49 ലക്ഷം രൂപ മുതൽ 20.04 ലക്ഷം രൂപ വരെയാണ് ടാറ്റ നെക്‌സോൺ ഇവിയുടെ എക്‌സ്‌ഷോറൂം വില. അടുത്തിടെ ടാറ്റ മോട്ടോഴ്‌സ് നെക്‌സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. ഈ അപ്ഡേറ്റ് ചെയ്ത പതിപ്പിന്റെ വില വൈകാതെ പ്രഖ്യാപിക്കും. മികച്ച ഫീച്ചറുകളുമായിട്ടാണ് പുതിയ ടാറ്റ നെക്‌സോൺ ഇവി വരുന്നത്.