കൊച്ചി: വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയ വധു കാമുകനൊപ്പം ഒളിച്ചോടി. കോതമംഗലം തൃക്കാരിയൂറിലാണ് സംഭവം താലിമാല അടക്കം നാല് പവന്റെ മാലയും വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് യുവതി കടന്നുകളഞ്ഞത്.
നവംബര്‍ 10 നായിരുന്നു കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിനിയും കോഴിക്കോട് മാള സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം.വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്റെ വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കോതമംഗലത്തെ വധുവിന്റെ വീട്ടിലേക്ക് വിരുന്നിനായി എത്തിയപ്പോള്‍ വീട്ടിലെത്തിയ കാമുകനൊപ്പം യുവതി പോകണമെന്ന് വാശിപിടിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് വധുവിന്റെ വീട്ടില്‍ നാട്ടുകാര്‍ തടിച്ചുകൂടി. ഒടുവില്‍ കോതമംഗലം പോലീസും സ്ഥലത്തെത്തി. തനിക്ക് കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നു യുവതി പൊലീസിനോടും പറഞ്ഞു. തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ഭര്‍ത്താവ് തനിക്ക് ഭാര്യയെ വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നും നിലപാടെടുത്തു. എന്നാല്‍ നഷ്ടപരിഹാരം നല്കാന്‍ യുവതിയുടെ വീട്ടുകാര്‍ തയ്യാറായില്ല. ഇരുകൂട്ടരും തമ്മില്‍ ധാരണയില്‍ എത്താന്‍ ഉപദേശം നല്‍കി പോലീസും കളംകാലിയാക്കി.
കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വിവാഹ ദിവസം കുടുംബ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. അതിനാല്‍ യുവാവ് ഏഴായിരം രൂപയുടെ വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്. ഈ വസ്ത്രങ്ങളും യുവതിയുടെ കൈവശമുണ്ട്. വിവാഹ ശേഷം ബന്ധുവീടുകളില്‍ വിരുന്നിന് പോയ ശേഷം നിരവധി സ്ഥലങ്ങളില്‍ ഇരുവരും ഒരുമിച്ച് ചുറ്റാനും പോയിരുന്നു.തിരികെ കോതമംഗലത്തെ വീട്ടിലെത്തിയപ്പോഴാണ് യുവതി ഭര്‍ത്താവിനെ വേണ്ട കാമുകനെ മതിയെന്ന പ്രഖ്യാപനം നടത്തുന്നത്.
ഊന്നുകല്ലില്‍ കട നടത്തുന്ന യുവാവുമായി യുവതി കോളേജ് പഠന കാലം മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. യുവതിയുടെ വീട്ടുകാര്‍ക്കും ഈ വിവരമറിയാമായിരുന്നു. ഇതിനു മുന്‍പും പെണ്‍കുട്ടി ഈ യുവാവിനു ഒപ്പം പോയിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം. ഇതെല്ലാം മറച്ചുവച്ചാണ് ഹോട്ടല്‍ മാനേജരായ യുവാവിന് വീട്ടുകാര്‍ മകളെ വിവാഹം ചെയ്ത് നല്‍കിയത്.
വിവാഹ സമയത്ത് പെണ്‍കുട്ടി ഈ വിവാഹത്തോട് താത്പര്യം കാട്ടിയിരുന്നില്ല. പക്ഷെ ഈ വിവാഹത്തിനു ഒരുക്കമല്ല എന്ന സൂചനയും നല്‍കിയില്ല. എന്നാല്‍, വിവാഹം കഴിഞ്ഞ് മാളയിലെ വരന്റെ ഗൃഹത്തിലെത്തിയ പെണ്‍കുട്ടി വരനോടും വീട്ടുകാരോടും യാതൊരു അടുപ്പവും കാണിച്ചിരുന്നില്ല. വിരുന്നിനു എത്തിയപ്പോള്‍ കാമുകന്റെ ഒപ്പം പോകുകയും ചെയ്തു. സംഭവം ഒത്തുതീര്‍പ്പായില്ലെങ്കില്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുവാവ്.