ന്യൂഡല്‍ഹി: പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്താനി യുവതിയും കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്മീണയും നേപ്പാളിലെ ഹോട്ടലില്‍ താമസിച്ചത് വ്യാജപേരിലെന്ന് വെളിപ്പെടുത്തല്‍. മാര്‍ച്ച് മാസത്തിലാണ് സച്ചിനും പാകിസ്താന് സ്വദേശിനിയായ സീമ ഹൈദറും കാഠ്മണ്ഡുവിലെ ഹോട്ടലില്‍ ഒരാഴ്ചയോളം ഒരുമിച്ച് താമസിച്ചത്.
എന്നാല്‍, ‘ശിവനാഷ്’ എന്ന പേരിലാണ് സച്ചിന് അന്ന് ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ഹോട്ടലുടമയുടെ വെളിപ്പെടുത്തല്‍. യുവാവ് നേരത്തെ തന്നെ മുറി ബുക്ക് ചെയ്തിരുന്നതായും ഒപ്പമുള്ളത് ഭാര്യയാണെന്നാണ് അറിയിച്ചിരുന്നതെന്നും ഹോട്ടലുടമയായ ഗണേഷ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു.
ഹോട്ടലില്‍ താമസിച്ച ദിവസങ്ങളില്‍ മിക്കസമയത്തും ഇരുവരും മുറിക്കുള്ളിലായിരുന്നു. വല്ലപ്പോഴും വൈകുന്നേരങ്ങളില്‍ മാത്രം പുറത്തുപോയിരുന്നെങ്കിലും രാത്രി 9.30-ന് മുന്‍പ് തിരിച്ചെത്തിയിരുന്നു. ഇന്ത്യന്‍ രൂപയിലാണ് യുവാവ് ഹോട്ടലിലെ പണമിടപാടുകള്‍ നടത്തിയിരുന്നതെന്നും ഹോട്ടലുടമ പറഞ്ഞു.
അതിനിടെ, സീമ ഹൈദറിനെ കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എ.ടി.എസ്) 12 മണിക്കൂറോളം ചോദ്യംചെയ്തു. സച്ചിനുമായുള്ള പരിചയം, നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം വിശദമായി ശേഖരിച്ചെന്നാണ് വിവരം.
സീമയുടെ കാമുകനായ സച്ചിനെയും ഇദ്ദേഹത്തിന്റെ പിതാവ് നേത്രപാല്‍ സിങ്ങിനെയും കഴിഞ്ഞദിവസം എ.ടി.എസ്. ചോദ്യംചെയ്തിരുന്നു. രാവിലെ പത്തുമണിക്ക് നോയിഡയിലെ എ.ടി.എസ്. ഓഫീസില്‍ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ടോടെയാണ് അവസാനിച്ചത്.
അതേസമയം, എ.ടി.എസിന്റെ ചോദ്യംചെയ്യലിലെല്ലാം താന്‍ കാമുകനൊപ്പം ജീവിക്കാനെത്തിയെന്ന മൊഴിയില്‍ സീമ ഉറച്ചുനിന്നെന്നാണ് വിവരം. പ്രണയം മാത്രമാണ് ഇന്ത്യയിലേക്ക് വരാന്‍ കാരണമായതെന്നും ഇവര്‍ ആവര്‍ത്തിച്ച് പറഞ്ഞു.
പാകിസ്താനി യുവതിയില്‍നിന്ന് നേരത്തെ അഞ്ച് മൊബൈല്‍ഫോണുകളും പാകിസ്താന് പാസ്പോര്ട്ടുകള് അടക്കമുള്ള രേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണിലെവിവരങ്ങളെല്ലാം വീണ്ടെടുത്ത് എല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
പബ്ജി ഗെയിം വഴി മൊട്ടിട്ട പ്രണയത്തിനൊടുവില്‍ നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം(22) ജീവിക്കാനായാണ് 27-കാരിയായ സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിലെത്തിയത്. ഒന്നരമാസം മുന്‍പ് നാലുകുട്ടികളുമായാണ് ഇവര്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു.
ഇതിനിടെ സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാകിസ്താന് സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്നും വ്യക്തമായത്. ഇതോടെ സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് കാമുകനായ സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. നിലവില്‍ കാമുകനായ സച്ചിനൊപ്പമാണ് സീമയും നാലുകുട്ടികളും താമസിക്കുന്നത്.