നടി രശ്മിരേഖയുടെ ആത്മഹത്യയ്ക്കു പിന്നാലെ കാമുകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഭുവനേശ്വർ: അടുത്തിടെ ആത്മഹത്യ ചെയ്‌ത ഒഡിയ ടെലിവിഷൻ നടി രശ്മിരേഖ ഓജയുടെ ഒപ്പം താമസിച്ചിരുന്ന കാമുകൻ സന്തോഷ് പാത്രയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റൂർക്കലയിലെ സന്തോഷിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ ഇയാളെ കുടുംബാംഗങ്ങൾ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അതിനകം തന്നെ മരിച്ചു. ജൂൺ 18നാണ് രശ്മിരേഖയെ ഭുവനേശ്വറിനു സമീപം നയാപ്പള്ളിയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രശ്‌മിരേഖയുടെ മരണം കഴിഞ്ഞ് 15 ദിവസങ്ങൾ പിന്നിടുമ്പോഴാണ് സന്തോഷ് പാത്രയെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. 

സന്തോഷ് പാത്രയ്ക്ക് നടിയുടെ മരണത്തിൽ പങ്കുണ്ടെന്നു രശ്മിരേഖയുടെ കുടുംബം ആരോപിച്ചിരുന്നു. രശ്മിരേഖ മരിച്ച വിവരം ഒപ്പം താമസിച്ചിരുന്ന സന്തോഷാണ് വീട്ടിൽ അറിയിച്ചതെന്നു രശ്മിരേഖയുടെ പിതാവ് പറഞ്ഞിരുന്നു. കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സന്തോഷിനെ ചോദ്യം ചെയ്‌തിരുന്നു.

രശ്‌മിരേഖയുടെ മരണത്തിനു ശേഷം സന്തോഷ് കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്നു കുടുംബാംഗങ്ങൾ പറയുന്നു. സന്തോഷിന്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. രശ്മിരേഖയുടെ മരണവും ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. മരണത്തിൽ ആർക്കും പങ്കില്ലെന്നു വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News