സുഹൃത്തുമായി സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; കാമുകന്‍ യുവതി ഒറ്റയടിക്ക് കൊലപ്പെടുത്തി
മുംബൈ: സുഹൃത്തിനോട് സംസാരിച്ചതില്‍ പ്രകോപിതനായ കാമുകന്റെ അടിയേറ്റ് യുവതി മരിച്ചു. ശനിയാഴ്ച മുംബൈയിലെ മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. സീത പ്രധാന്‍ എന്ന 35കാരിയാണ് കാമുകനായ രാജു പൂജാരിയുടെ അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകനെ പോലിസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
രാജുവിന്റെ അടിയേറ്റ് കുഴഞ്ഞുവീണ സീതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മറ്റൊരാളുമായി സീത സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഇത് കണ്ട് വന്ന കാമുകന്‍ രാജു സീതയുടെ മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ് സീത കുഴഞ്ഞു വീണു. സംഭവത്തില്‍ അപകടമരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുവെന്നും പൊലീസ് അറിയിച്ചു.