'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്';സത്യാഗ്രഹ വേദിയിൽ കപ്പുമായി മുഖ്യമന്ത്രി, അതിജീവിതയ്ക്ക് ഐക്യദാർഢ്യം

'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്';സത്യാഗ്രഹ വേദിയിൽ കപ്പുമായി മുഖ്യമന്ത്രി, അതിജീവിതയ്ക്ക് ഐക്യദാർഢ്യം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ മന്ത്രിമാർക്കും എംഎൽഎമാർക്കുമൊപ്പം നടത്തിയ സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ച ചായക്കപ്പ് ശ്രദ്ധനേടി. ‘ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ എന്ന വാചകം ആലേഖനം ചെയ്ത കപ്പിലാണ് മുഖ്യമന്ത്രി വെള്ളം കുടിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായി ആദ്യം പീഡന പരാതി നൽകിയ അതിജീവിത കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ ഈ വാചകങ്ങൾ കുറിച്ചിരുന്നു. മുഖ്യമന്ത്രിയുടെ കപ്പിൽ ഈ വാചകങ്ങൾ ഇടംപിടിച്ചത് അതിജീവിതയോടുള്ള ഐക്യദാർഢ്യമാണെന്നാണ് ചർച്ചകൾ.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് അതിജീവിതയുടെ വാക്കുകൾ. ആ കപ്പിലെ വാചകങ്ങൾക്ക് എന്‍റെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവന്‍റെ തുടിപ്പ് ഉണ്ടെന്ന് അവർ മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കി. 

ഇതിനിടെ സത്യഗ്രഹ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ നടത്തി. കേരളത്തോട് പകപോക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാരിന്റെ പെരുമാറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരായ കേന്ദ്ര സർക്കാർ നടപടികൾക്ക് എതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് സത്യാഗ്രഹ സമരം നടന്നത്. മന്ത്രിമാരും ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും സമരത്തിൽ പങ്കെടുത്തു.

മറ്റ് മന്ത്രിമാരും നേതാക്കളും ഉച്ചഭക്ഷണവും ലഘുഭക്ഷണം കഴിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷണം ഒഴിവാക്കി നിരാഹാരമിരുന്നു. ഇടയ്ക്ക് വെള്ളം കുടിക്കുക മാത്രമാണ് ചെയ്തത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇക്കാര്യം പ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News