CrimeKeralaNews

പ്രണയപ്പക: യുവതിയുടെ വീട് അടിച്ചുതകർത്തു, കാപ്പാ കേസ് പ്രതിയും സംഘവും പിടിയിൽ

തിരുവല്ല: പ്രണയത്തില്‍നിന്ന് പിന്മാറിയതിന് യുവതിയുടെ വീട് അടിച്ച് തകര്‍ത്തുവെന്ന് പരാതി. തിരുവല്ല നിരണത്താണ് സംഭവം. പ്രണവ് സുരേഷ്(22), ജിതിന്‍(22), സി. ജിതിന്‍(19) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. കാപ്പാ കേസ് പ്രതിയാണ് പ്രണവ് സുരേഷ്.

വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കഴിഞ്ഞ അഞ്ചു വർഷമായി പ്രണവ് സുരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ പ്രണയത്തിൽ നിന്നും പിന്മാറി. തുടർന്ന് യുവതി ഇയാളുടെ ഫോൺകോളുകൾ എടുക്കാത്തതിൽ ഇയാൾ പ്രകോപിതനായിരുന്നു.

പിന്നീട്, വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലെത്തിയ മൂന്നംഗസംഘം മരത്തടി ഉപയോഗിച്ച് വീടിന്റെ ജനാലകളും വാതിലും തകർത്തു. മുൻവാതിൽ തകർത്ത് അകത്തു കയറിയ പ്രതികൾ യുവതിയുടെ സഹോദരനടക്കമുള്ളവരെ അക്രമിച്ചു. തുടർന്ന് സ്ഥലത്തുനിന്നും പോയ സംഘം അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വെല്ലുവിളിയുമായി വീട്ടിലെത്തി.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൂവരേയും ബലംപ്രയോഗിച്ച് കീഴ്പെടുത്തുകയായിരുന്നു. പിടിയിലായ പ്രണവ് സുരേഷും രണ്ടാംപ്രതി ജിതിനും നിരവധി കേസുകളിൽ പ്രതികളിലാണ്‌. ചങ്ങനാശ്ശേരി, മാന്നാർ എന്നീ സ്റ്റേഷൻ പരിധികളിൽ നടന്ന വധശ്രമകേസുകളിലും, അടിപിടി കേസുകളിലും, കാൽനടയാത്രക്കാരുടെ മാല പൊട്ടിച്ച കേസുകളിലും പ്രതികളാണ് ഇരുവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button