കോട്ടയം: സമ്മാനമില്ലെന്ന് കരുതി ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം. മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി കെ സുനില്‍കുമാറിനാണ്(53) ഒന്നാം സമ്മാനം അടിച്ചത്. ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് സുനില്‍കുമാറിന് ലഭിച്ചത്. ഒരു കോടിരൂപയാണ് സമ്മാന തുക.
പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് സുനിൽ കുമാർ. വ്യാഴാഴ്ച പത്രത്തില്‍ ടിക്കറ്റിന്റെ ഫലം നോക്കുകയായിരുന്നു സുനിൽ കുമാർ ചെറിയ സമ്മാനങ്ങളുടെ നമ്പറുകള്‍ ഒത്തുനോക്കിയെങ്കിലും സമ്മാനം ഒന്നുമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ടിക്കറ്റ് വീട്ടിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഒന്നൂകൂടി ഫലം നോക്കുകയും അതിനിടയിൽ ഒന്നാം സമ്മാന നമ്പർ ശ്രദ്ധയിൽപ്പെടുകയും ചെയ്തതോടെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. വീട് പണയംവെച്ച് അടവ് മുടങ്ങി കിടക്കുന്ന സമയത്താണ് സുനില്‍കുമാറിനെ തേടി ഈ ഭാഗ്യമെത്തിയത്. തങ്ങളെ തേടി ഭാഗ്യം എത്തിയതിലുള്ള സന്തോഷത്തിലാണ് സുനിൽകുമാറും കുടുംബവും.