സർ മുഝേ ബച്ചാവോ! 1 കോടി സമ്മാനമടിച്ച ലോട്ടറിയുമായി ബിർഷു ഓടിച്ചെന്നത് പോലീസ്‌റ്റേഷനിൽ

തിരുവനന്തപുരം: ലോട്ടറിയടിച്ചതറിഞ്ഞ് ബോധംകെടുന്നവരുടെയും ഭാഗ്യം തേടിയെത്തിയത് രഹസ്യമാക്കിവയ്ക്കുന്നവരുടെയും നാടാണ് കേരളം. എന്നാൽ പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു, താൻ കോടിപതിയായതറിഞ്ഞ് പോലീസ് സ്റ്റേഷനിലാണ് അഭയം പ്രാപിച്ചത്.

’’സർ, മുഝേ ബചാവോ..’ എന്ന് നിലവിളിച്ച് ഓടിയെത്തിയയാളെ കണ്ട് പോലീസുകാർ ആദ്യം അമ്പരന്നു. അന്വേഷണത്തിലാണ് ഒരു കോടിയുടെ ലോട്ടറിയടിച്ചതറിഞ്ഞ് പ്രാണഭയം കാരണമാണ് പോലീസ് സ്റ്റേഷനിലെത്തിയതെന്ന് മനസിലായത്.

ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്കാണ് പശ്ചിമ ബംഗാൾ സ്വദേശിയായ കെട്ടിട നിർമാണത്തൊഴിലാളി ബിർഷു റാബ ഓടിച്ചെന്നത്. ‘എന്നെ രക്ഷിക്കൂ’വെന്ന് നിലവിളിച്ച് പരിഭ്രാന്തനായി എത്തിയയാളെ ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ, ബിർഷു പോക്കറ്റിൽനിന്ന് ലോട്ടറി ടിക്കറ്റെടുത്ത് പോലീസുകാർക്ക് നൽകി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നറുക്കെടുത്ത ഒരു കോടി രൂപ സമ്മാനമുള്ള ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റായിരുന്നു അത്.

തിങ്കളാഴ്ചയാണ് ബിർഷു തമ്പാനൂരിലെ ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽനിന്നു ടിക്കറ്റെടുത്തത്. ബുധനാഴ്ച വൈകീട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്. ഒരു കോടി രൂപ സമ്മാനം കിട്ടിയത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് പേടിച്ചാണ് ബിർഷു പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണമെന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം.

തമ്പാനൂർ എസ്.എച്ച്.ഒ. പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുംവരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്തടിച്ച് കളയരുതെന്ന ഉപദേശവും നൽകി. ബിർഷുവിന്റെ അഭ്യർത്ഥനയനുസരിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സുരക്ഷയൊരുക്കിയിരിക്കുകയാണ് പോലീസ്. കോവിഡിന് ശേഷം നാലുമാസങ്ങൾക്ക് മുമ്പാണ് ഇയാൾ വീണ്ടും കേരളത്തിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News