തൃശൂര്‍: ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-50 ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലോട്ടറി വില്‍പ്പനക്കാരന് ലഭിച്ചു. കടങ്ങോട് പഞ്ചായത്തിലെ പാഴിയോട്ടുമുറി കുളങ്ങര വീട്ടില്‍ ഫ്രാന്‍സിസി (68) നാണ് ലോട്ടറിയടിച്ചത്. കഴിഞ്ഞ ദിവസം എരുമപ്പെട്ടിയിലെ വൈരം ലോട്ടറീസില്‍നിന്ന് വില്‍പ്പനക്കായെടുത്ത 75 ടിക്കറ്റിലൊന്നിനാണ് സമ്മാനം ലഭിച്ചത്.
മുപ്പതെണ്ണം വില്‍ക്കാന്‍ സാധിക്കാതെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്. പരിശോധിച്ചപ്പോഴാണ് കൈയ്യിലുള്ള എഫ്.എന്‍. 619922 നമ്പറിലാണ് നറുക്ക് വീണതെന്നറിയുന്നത്. ലോറി ഡ്രൈവറായിരിക്കെ അസുഖമായി ജോലിക്ക് പോകാന്‍ കഴിയാതെ വന്നപ്പോഴാണ് ലോട്ടറി വില്‍പ്പന തുടങ്ങിയത്. ഇരുപത് വര്‍ഷമായി എരുമപ്പെട്ടി മുതല്‍ കുന്നംകുളം വരെയുള്ള സ്ഥലങ്ങളില്‍ കാല്‍നടയായാണ് വില്‍പ്പന.
പൊതുമരാമത്ത് പുറമ്പോക്കില്‍ ശോചനീയാവസ്ഥയിലുള്ള വീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. ആദ്യം വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. ടിക്കറ്റ് ഫെഡറല്‍ ബാങ്ക് വടക്കേക്കാട് ശാഖയ്ക്ക് കൈമാറാനാണ് തീരുമാനം. റീനയാണ് ഭാര്യ. ഫെറീന, ആന്റണി ബ്ലെസന്‍ എന്നിവരാണ് മക്കള്‍.