അടിമാലി: അടിമാലിയില്‍ ലോട്ടറി നമ്ബര്‍ തിരുത്തി തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രതി പിടിയിലായി. വണ്ണപ്പുറം സ്വദേശി ചെറിയാംകുന്നേല്‍ ജയഘോഷിനെ (42)യാണ് വണ്ണപ്പുറത്തെ വീട്ടില്‍ നിന്ന് അടിമാലി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
തട്ടിപ്പ് നടത്താനായി ഇയാള്‍ വണ്ണപ്പുറത്ത് നിന്ന് അടിമാലിയില്‍ എത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു.
തട്ടിപ്പിനിരയായതായി കാണിച്ച് അടിമാലി സ്റ്റേഷനിലും വെള്ളത്തൂവല്‍ സ്റ്റേഷനിലും രണ്ട് വീതം പരാതികള്‍ ലോട്ടറി വില്‍പ്പനക്കാരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നു പ്രതി തട്ടിപ്പിനുപയോഗിച്ച ടിക്കറ്റ് വാങ്ങിയ ഏജന്‍സി കണ്ടെത്തി പൊലീസ് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഇയാള്‍ മുമ്ബും ഉള്‍പ്പെട്ടിട്ടുള്ളതായി അടിമാലി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ലോട്ടറി ടിക്കറ്റിന്റെ നമ്ബരില്‍ കൃത്രിമം കാട്ടി പണവും പുതിയ ലോട്ടറി ടിക്കറ്റും തട്ടിയെന്ന പരാതിയുമായി അടിമാലിയിലെ ലോട്ടറി വില്‍പ്പനക്കാരായ രണ്ട് പേര്‍ പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ച നറുക്കെടുത്ത കേരള അക്ഷയ ലോട്ടറിയുടെ 3132 എന്ന ടിക്കറ്റിന് 5000 രൂപ അടിച്ചിരുന്നു. പ്രതി തന്റെ കൈവശമിരുന്ന 3432 എന്ന ടിക്കറ്റിന്റെ 4 എന്ന അക്കം ചിരണ്ടി ഒന്നാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. നമ്ബരില്‍ കൃത്രിമം നടത്തിയ ലോട്ടറി ടിക്കറ്റിന്റെ കളര്‍ ഫോട്ടോ കോപ്പിയെടുത്ത് പ്രതി ലോട്ടറി വില്‍പ്പനക്കാരെ സമീപിക്കുകയും സമ്മാനാര്‍ഹമായ ലോട്ടറിയാണെന്ന് വിശ്വസിപ്പിച്ച് ഇവരില്‍ നിന്ന് പണവും പുതിയ ലോട്ടറി ടിക്കറ്റുകളും കൈക്കലാക്കുകയായിരുന്നു.
തട്ടിപ്പിനിരയായവര്‍ ടിക്കറ്റ് മൊത്തവ്യാപാരിയെ ഏല്‍പ്പിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടര്‍ന്നിവര്‍ അടിമാലി പൊലീസില്‍ പരാതി നല്‍കി. ഹെല്‍മറ്റ് ധാരിയായി ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഒരാളാണ് തട്ടിപ്പിന് പിന്നിലെന്ന സൂചന പോലീസിന് ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണമാരംഭിക്കുക്കുകയും പ്രതിയിലേക്കെത്തുകയുമായിരുന്നു. അടിമാലി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, എഎസ്‌ഐ അബ്ബാസ്, സിപിഒ ഡോണി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.