EntertainmentKeralaNews

എല്ലാം നഷ്ടമായി വാടകവീട്ടിലേക്ക് മാറുന്നത് എന്റെ 18-ാം വയസ്സിൽ; 500 രൂപ ആയിരുന്നു അന്ന് വരുമാനം: സുബി പറഞ്ഞത്!

കൊച്ചി:മലയാള സിനിമ ലോകത്തെ ആകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് നടി സുബി സുരേഷിന്റെ വിയോഗം. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു നടിയുടെ അപ്രതീക്ഷിത മരണം. തന്റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് സുബി നേരത്തെ അധികമാരെയും അറിയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിയോഗ വാർത്ത വലിയ ഞെട്ടലാണ് പ്രേക്ഷകരിലും ഉണ്ടായത്.

ഇത്ര പെട്ടന്നൊരു വേർപാട് സുബിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും എല്ലാം പറയുന്നത്. സ്വതസിദ്ധമായ തന്റെ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ നേടിയ ആളാണ് സുബി. ധാരാളം ടെലിവിഷൻ പരിപാടികളിൽ അങ്കാറയും കോമഡി താരമായുമൊക്കെ സുബി എത്തിയിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ മേഖലയിൽ സജീവമായ സുബിക്ക് 41 വയസ്സായിരുന്നു.

ധാരാളം സിനിമകളിലും സുബി അഭിനയിച്ചിട്ടുണ്ട്. സിനിമകളിലേക്കാൾ അവതാരകയായും മിമിക്രി വേദികളുമൊക്കെയാണ് സുബി തിളങ്ങിയത്. സ്റ്റാൻഡ് അപ്പ് കോമഡിയിൽ മലയാളത്തിലെ ആദ്യത്തെ സ്ത്രീ സാന്നിധ്യമായിരുന്ന സുബി, അവതാരകയായി എത്തിയ സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കിഡ്സ് ഷോ വൻ ഹിറ്റായിരുന്നു. വിദേശത്തുൾപ്പെടെ നിരവധി കോമഡി ഷോകളിൽ സുബി പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഒക്കെ അടുത്ത കാലത്തായി വളരെ സജീവമായിരുന്നെങ്കിലും തന്റെ രോഗ വിവരം സുബി പുറത്തു വിട്ടിരുന്നില്ല. രോഗത്തെ തുടർന്ന് സുബിയുടെ കരൾ പൂർണമായും പ്രവർത്തനരഹിതമായി മാറിയിരുന്നു. കരൾ‌ മാറ്റിവയ്ക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് അസുഖം മൂർച്ഛിക്കുന്നതും സുബി മരിക്കുന്നതും.

ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്ന് പോയ ശേഷമാണ് സുബി ഇന്ന് കാണുന്ന നിലയിലേക്ക് എത്തുന്നത്. അടുത്തിടെ ഫ്ളവേഴ്സിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ തനിക്ക് ജീവിതത്തിലുണ്ടായ വെല്ലുവിളികളെ കുറിച്ച് നടി സംസാരിച്ചിരുന്നു. തന്റെ പതിനെട്ടാം വയസ്സിൽ അമ്മയ്ക്കും സഹോദരനുമൊപ്പം എറണാകുളത്ത് വാടക വീട്ടിലേക്ക് മറിയതിനെ കുറിച്ചൊക്കെ സുബി പറഞ്ഞിരുന്നു. ആ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

വർഷങ്ങളോളം വാടക വീടുകളിൽ മാറി മാറി ആയിരുന്നു താമസം. അച്ഛനും അമ്മയും വേര്പിരിഞ്ഞതോടെ ജീവിതം ദുസ്സഹമായി. ആകെ അഞ്ഞൂറ് രൂപയായിരുന്നു വരുമാനം ഉണ്ടായിരുന്നത്. സ്വന്തം വീടൊക്കെ കയ്യിൽ നിന്ന് പോയി. കൊണ്ട് പോവേണ്ടവർ അതൊക്കെ കൊണ്ട് പോയി. അതൊക്കെ കൊണ്ടാണ് നമ്മുക്ക് ഇത്ര ആർജ്ജവം ഉണ്ടായത്.

ഇപ്പോൾ എനിക്ക് നല്ല ധൈര്യമുണ്ട്. ഞാൻ എന്റെ പതിനെട്ടാം വയസ്സിലാണ് അമ്മയെയും അനിയനെയും വിളിച്ചുകൊണ്ട് എറണാകുളത്ത് ഒരു വാടക വീട്ടിലേക്ക് മാറുന്നതെന്നും സുബി പറഞ്ഞു.

ഇതേ ഷോയിൽ തന്റെ വിവാഹത്തിന് കലാഭവൻ മണി പത്ത് പവൻ നൽകാമെന്ന് പറഞ്ഞതിനെ കുറിച്ചും സുബി സംസാരിക്കുന്നുണ്ട്. നീ എത്രയും പെട്ടെന്ന് കല്യാണം കഴിച്ച് സെറ്റിലാവണം. ഇപ്പോൾ നീ നന്നായിട്ട് നിൽക്കുന്ന സമയമല്ലേ. അമ്മയ്ക്ക് ഒരു അട്ടഹാസവും. അനിയനും ഒരു കൂട്ടാവും. നല്ലൊരാളെ നോക്കി നീ വിവാഹം കഴിക്കണമെന്ന് മണി പറഞ്ഞു.

അതിന് ഷാജോണും ധർമജനും സാക്ഷിയാണെന്നും പറഞ്ഞു. പക്ഷെ കല്യാണം നടക്കുമോ ഇല്ലയോ എന്നൊന്നുമല്ല, അതൊക്കെ പറഞ്ഞിട്ട് പുള്ളിക്കാരന്‍ അങ്ങ് പോയില്ലേ, എന്താണ് പറയുക.. ഒട്ടും പ്രതീക്ഷിക്കാത്തൊരു മരണമായി പോയി എന്നായിരുന്നു സുബിയുടെ വാക്കുകൾ. ഇപ്പോൾ എല്ലാവരെയും വേദനിപ്പിച്ച് അതുപോലൊരു പോക്ക് പോയിരിക്കുകയാണ് സുബിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button