ചെന്നൈ: തൂത്തുകുടിയില്‍ ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെടുത്തിയ യുവാവിനെ ജേഷ്ഠന്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് തലക്കടിച്ചുകൊലപ്പെടുത്തി. ലോറി ഡ്രൈവറായ തൂത്തുകുടി ചില്ലനാട് നല്ലതമ്പി ആണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ 1 ന് രാത്രിയാണ് സംഭവം. തുടര്‍ന്ന് ജേഷ്ഠന്‍ മുത്തുരാജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കയ്യിലുണ്ടായിരുന്ന പണമെല്ലാം ഓണ്‍ലൈന്‍ റമ്മിയില്‍ നഷ്ടപ്പെടുത്തിയ നല്ലതമ്പി മുത്തുരാജില്‍ നിന്നും മൂന്ന് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതും റമ്മി കളിച്ച് നഷ്ടപ്പെടുത്തുകയായിരുന്നു. കടമായി നല്‍കിയ തുക മുത്തുരാജ് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ നല്ലതമ്പി ഇതു തിരിച്ചു നല്‍കിയില്ലെന്ന് മാത്രമല്ല, പരമ്പരാഗതമായി ഇരുവര്‍ക്കും അവകാശപ്പെട്ട വീട് വീറ്റ് വീതം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നല്ലതമ്പിയെ ബൈക്കില്‍ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ഇരുമ്പുകമ്പി കൊണ്ട് തലക്കടിച്ചുകൊല്ലുകയായിരുന്നു.
2021 ല്‍ ഡിഎംകെ അധികാരത്തിലെത്തിയ സമയത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിരോധിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. വിഷയത്തില്‍ പഠനം നടത്താന്‍ മദ്രാസ് ഹൈക്കോടതിയിലെ വിരമിച്ച ജ്ഡജി ജസ്റ്റിസ് കെ ചന്ദ്രു അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 2022 ജൂണില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഓണ്‍ലൈന്‍ ഗെയിമിംഗ് നിയന്ത്രിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനെ ശക്തമായി ഉപദേശിക്കുകയും ചെയ്തു.
ശുപാര്‍ശകള്‍ പരിഗണിച്ച് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുകയും ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.