കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. ഇപ്പോൾ 2.15 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുള്ളത്. അര്‍ജുനുവേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ചിരുന്ന ‘ലോറി ഉടമ മനാഫ്’ എന്ന യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സാണ് ഒറ്റ ദിവസം കൊണ്ട് പതിനായിരത്തില്‍നിന്ന് രണ്ടലക്ഷം കടന്നത്.
അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്‍റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍നിന്നും അര്‍ജുന്‍റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്‍റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്‍റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചു.
എന്നാൽ ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്തു വന്നു നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്‍റെ പ്രതികരണം. വിവാദം ഉടലെടുത്തതിനു പിന്നാലെയാണ് യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് കുത്തനെ വർധിച്ചത്.
ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണു നിറയുന്നത്. അർജുന്റെ സഹോദരീഭർത്താവ് ജിതിനെതിരെ രൂക്ഷമായ സൈബർ ആക്രമണവും നടക്കുന്നുണ്ട്. സംഘപരിവാർ അനുകൂലിയായതുകൊണ്ടാണ് ജിതിൻ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണു ചില പ്രചാരണം. രാഷ്ട്രീയ– വര്‍ഗീയ ലക്ഷ്യങ്ങളാണ് കുടുംബത്തെ കൊണ്ട് ഇത്തരത്തിലൊരു ആരോപണം ഉന്നയിപ്പിക്കുന്നവര്‍ക്കു പിന്നിലെന്നതാണ് പ്രധാനമായി ഉയര്‍ന്നു വന്ന ആരോപണം.
ഇങ്ങനെയൊരു ചാനലുണ്ടെന്നറിയിച്ച കുടുംബത്തിന് നന്ദിയെന്നും അളിയന്‍റെ ഈഗോ കാരണം മനാഫ് വീണ്ടും വലുതാവുകയാണെന്നുമെല്ലാം ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. മനാഫിന്‍റെ ഉദ്ദേശം വേറെയാണെങ്കില്‍ അര്‍ജുനെ കിട്ടിയതിനുശേഷം വേറെ വിഡിയോ ഇട്ടേനെയെന്നും ചിലര്‍ കുറിച്ചു. അതേസമയം, മനാഫ് സെല്‍ഫ് പ്രമോഷന്‍ സ്റ്റാറാണെന്നും അര്‍ജുന്‍റെ കുടുംബം അദ്ദേഹത്തെ തുറന്ന് കാണിക്കുമ്പോള്‍ സമാധാനമെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.
13 ദിവസം മുന്‍പാണ് ചാനലില്‍നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അർജുന്റെ ലോറി കണ്ടെത്തിയശേഷം യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടില്ല. അർജുനുവേണ്ടിയുള്ള തിരച്ചിൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യഥാർഥ വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനുമാണു ചാനൽ തുടങ്ങിയതെന്നാണ് മനാഫിന്റെ വിശദീകരണം.