കാസര്‍കോട്: കാസർകോട് കടമ്പാറില്‍ തോക്ക് ചൂണ്ടി ലോറികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അധോലോക കുറ്റവാളി രവി പൂജാരിയുടെ കൂട്ടാളിയടക്കം നാല് പേര്‍ അറസ്റ്റില്‍. രാകേഷ് കിഷോറിനേയും സംഘത്തേയുമാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിടിക്കാനെത്തിയ പൊലീസുകാർക്കെതിരെയും പ്രതികൾ തോക്ക് ചൂണ്ടി. കടമ്പാര്‍ ബജ്ജയില്‍ വച്ചാണ് രണ്ട് ലോറികൾ തട്ടിക്കൊണ്ടു പോയത്.
കാറും ബൈക്കും കുറുകെ ഇട്ട് തോക്ക് ചൂണ്ടി ഡ്രൈവര്‍മാരെ ആക്രമിച്ച് ലോറികൾ തട്ടിയെടുക്കുകയായിരുന്നു. ഡ്രൈവർമാരുടെ മൊബൈല്‍ ഫോണുകളും പണവും അക്രമികള്‍ കവര്‍ന്നു. നാസിക്ക് സ്വദേശിയായ രാകേഷ് കിഷോറുള്‍പ്പെടുന്ന ആറംഗ സംഘമാണ് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒടുവിൽ പൈവളിക കൊമ്മഗളയില്‍ നിന്നാണ് പൊലീസ് ലോറി കണ്ടെത്തിയത്. സാഹസികമായി അന്വേഷണ സംഘം ആക്രമികളെ കീഴ്പ്പെടുത്തുകയായിരുന്നു.
രാകേഷ് കിഷോര്‍, ചിഗുര്‍പദവിലെ മുഹമ്മദ് സഫ് വാന്‍ എന്നിവരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് നടന്ന അന്വേഷണത്തില്‍ മിയാപദവിലെ റഹിം, ഉപ്പളയിലെ സയാഫ് എന്നിവരും അറസ്റ്റിലായി. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഘം സഞ്ചരിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാകേഷ് കിഷോറിനെതിരെ കേരളത്തിലും കര്‍ണാടകത്തിലുമായി പൊലീസിനു നേരെ വെടിയുതിർത്തത് ഉൾപ്പടെ നിരവധി കേസുകള്‍ നിലവിലുണ്ട്.
അതേസമയം, ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ലോട്ടറിയും പണവും കവർന്ന കേസിൽ പ്രതി പാലക്കാട് പിടിയിലായി. പച്ചക്കറി കച്ചവടക്കാരനായ വടക്കന്തറ കർണകി നഗർ ശിവാജി റോഡ് സ്വദേശി ബൈജു എന്ന മുന്ന (32) ആണ് അറസ്റ്റിലായത്. പാലക്കാട് മിഷൻ സ്കൂൾ പരിസരത്ത് ലോട്ടറി വിൽപനക്കാരനായ 76 കാരൻ പിരായിരി സ്വദേശി ചന്ദ്രനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്.
ചന്ദ്രന്റെ പക്കൽ നിന്ന് പ്രതി ബൈജു ലോട്ടറിയെടുത്തിരുന്നു. ഇതിന്റെ പണം നൽകാമെന്ന് പറഞ്ഞ് തന്റെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി. പിന്നീട് പാലക്കാട് യാക്കര ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ചന്ദ്രന്റെ ഇടത് കൈക്ക് പരിക്കേൽപ്പിക്കുകയും ഷർട്ട് വലിച്ച് കീറി തള്ളിയിടുകയും ചെയ്തിരുന്നു. കൂടാതെ, ചന്ദ്രന്റെ പക്കലുണ്ടായിരുന്ന 19000 രൂപയും 6500 രൂപയുടെ ലോട്ടറി ടിക്കറ്റും ബൈജു തട്ടിയെടുത്തിരുന്നു.