ഇരിട്ടി∙ ആന്ധ്രപ്രദേശിൽ നിന്നു ഇരിട്ടിയിലേക്ക് സിമന്റും ആയി എത്തിയ നാഷനൽ പെർമിറ്റ് ലോറിയുടെ ഡ്രൈവർ മകൻ മരിച്ചതറിഞ്ഞു നാട്ടിലേക്കു പോയതിനെ തുടർന്നു ക്ലീനർ 20 ദിവസമായി പെരുവഴിയിൽ. ഇരിട്ടിയിൽ ഗോഡൗണിൽ സിമന്റ് ഇറക്കി മടങ്ങുമ്പോൾ; ആണു തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മകൻ മരിച്ചത് അറിയുന്നത്. ഉടൻ ആന്ധ്രപ്രദേശ് റജിസ്ട്രേഷനിൽ ഉള്ള ലോറി കല്ലുമുട്ടിയിൽ നിർത്തിയിട്ട് ക്ലീനർ വിജയവാഡ സ്വദേശി 70 കാരനായ രങ്കണ്ണയെ താക്കോൽ എൽപിച്ചു ഡ്രൈവർ നാട്ടിലേക്കു പോയി.
പോയ ഡ്രൈവറോ, പകരം ഡ്രൈവറോ തിരിച്ചു വരാത്തതാണു രങ്കണ്ണ ‘വഴിയിൽ’ ആവാൻ കാരണം. തെലുങ്ക് മാത്രം ആണു രങ്കണ്ണയ്ക്ക് അറിയാവുന്നത്. കയ്യിൽ പണമില്ലാതെ ഭക്ഷണവും വെള്ളവും ഇല്ലാതെ വലഞ്ഞ ഇദ്ദേഹത്തിനു സമീപമുള്ള ഹോട്ടലുകാരും മറ്റും ആണു ഭക്ഷണം നൽകുന്നത്. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരോ ഫോൺ നമ്പറോ ഇയാൾക്കറിയില്ല.
ലോറിക്ക് മുകളിൽ ഉടമസ്ഥൻ എന്ന് കരുതുന്ന രവികിരൺ എന്ന ആളുടെ പേരും ഫോൺ നമ്പറുകളും എഴുതി ചേർത്തിട്ടുണ്ട്. ഇതിലേക്ക് ചിലർ വിളിച്ചപ്പോൾ 2 ദിവസം കൊണ്ട് ഡ്രൈവറെ വിടാം എന്നു പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു. പ്രായത്തിന്റെ അവശതയും 20 ദിവസം ആയി പെരുവഴിയിൽ കിടക്കേണ്ടി വന്നതിന്റെ പ്രയാസങ്ങളും രങ്കണ്ണയിൽ കാണാം. ഉടമസ്ഥനു 50 ലേറെ ലോറികൾ ഉള്ളതായി പറയുന്നു.