KeralaNews

ലോറി അർജുന്റേത് തന്നെ; സ്ഥിരീകരിച്ച് പോലീസ്, ലോറി 15 മീറ്റർ താഴ്ചയിൽ

അങ്കോല (കര്‍ണാടക): അങ്കോലയിൽ തിരച്ചിലിനിടെ പുഴയിൽ നിന്ന് ലോറി കണ്ടെത്തി. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണ് കണ്ടെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ബായരെ ഗൗഡയാണ് സ്ഥിരീകരിച്ചത്. തുടർന്ന് ഇത് അർജുന്റെ ലോറിയെന്ന് എസ്.പി. സ്ഥിരീകരിക്കുകയായിരുന്നു,

കരയിൽ നിന്ന് 15 മീറ്റർ താഴ്ചയിലാണ് ലോറി കിടക്കുന്നത്. നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത് ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കിൽ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത.

കഴിഞ്ഞ ഒൻപത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു.

ജൂലായ് 16-ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തില്‍പ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker