ന്യൂഡൽഹി: ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച യുവ വ്യവസായിയായ ശേഖർ മിശ്രയ്ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളെ ഇന്നലെത്തന്നെ തിരിച്ചറിഞ്ഞിരുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽസ് ഫാർഗോ എന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ ഇന്ത്യാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റാണ് ശേഖർ മിശ്ര. ഇയാളെ അറസ്റ്റുചെയ്യാനായി ഡൽഹി പൊലീസിന്റെ ഒരുസംഘം മുംബയിൽ തുടരുകയാണ്.
വ്യാജ മേല്‍വിലാസമാണ് പ്രതി പൊലീസിന് നല്‍കിയത്. മുംബൈയില്‍ ബന്ധു വാടകയ്ക്ക് താമസിക്കുന്ന വിലാസമാണ് സ്വന്തം മേല്‍വിലാസമായി പ്രതി നല്‍കിയത്. എന്നാല്‍ ഇയാള്‍ താമസിക്കുന്നത് ലക്നൌവിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശേഖർ മിശ്ര മുംബയിൽ തന്നെയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. യാത്രക്കാരിയുടെ പരാതിയെത്തുടർന്ന് സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ എയര്‍ ഇന്ത്യയുടെ വീഴ്ച എണ്ണിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. തനിക്ക് നേരെ അതിക്രമം ഉണ്ടായശേഷം സീറ്റ് മാറ്റികിട്ടാന്‍ അരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടി വന്നെന്നാണ് പരാതിക്കാരി പറയുന്നത്.യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറുന്നതിൽ എയർ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്നും പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ നവംബർ 26നാണ് കർണാടക സ്വദേശിനിയായ സഹയാത്രിയുടെ ശരീരത്തിൽ ശേഖർ മിശ്ര മൂത്രമൊഴിച്ചത്. മദ്യലഹരിയിൽ യുവതിയുടെ സീറ്റിനടുത്തുചെന്നായിരുന്നു ഇങ്ങനെ ചെയ്തത്. അപ്പോൾ തന്നെ എയർ ഇന്ത്യയ്ക്ക് പരാതി നൽകിയെങ്കിലും ഇത് പൊലീസിന് കൈമാറുന്നത് മനപൂർവം വൈകിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.
എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാരുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യക്കും പൈലറ്റിനും വിമാനത്തിലെ മറ്റ് ജീവനക്കാര്‍ക്കും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം കൈകാര്യംചെയ്തതില്‍ വീഴ്ച സംഭവിച്ചതിന് എയര്‍ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമാണ് ഡയറക്ടറ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എയര്‍ ഇന്ത്യയുടെ പെരുമാറ്റം പ്രൊഫഷണലിസത്തിന് നിരക്കാത്തതാണെന്നും അത് വ്യോമയാന സംവിധാനത്തിന്‍റെ പരാജയത്തിലേക്ക് നയിച്ചെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.