ലണ്ടൻ: സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ ബ്രിട്ടിഷ് രാജ്ഞി അന്തരിച്ചതോടെ മരണാനന്തര നടപടികളിലും മാറ്റം വന്നു. ബ്രിട്ടിഷ് രാജ്ഞി അന്തരിച്ചാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. 1960ൽ തന്നെ ഇതുമായി ബന്ധപ്പെട്ട് മാർഗരേഖ തയാറാക്കിയിരുന്നതായാണ് വിവരം. കഴിഞ്ഞ വർഷമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തായത്. ഇതനുസരിച്ച് ‘ലണ്ടൻ ബ്രിജ് ഇസ് ഡൗൺ’ എന്ന രഹസ്യനാമത്തിലാണ് നടപടികൾ ലിസ്റ്റ് ചെയ്‌തിരുന്നത്. എന്നാൽ ബക്കിങ്ങാം കൊട്ടാരത്തിനു പുറത്തെവിടെയെങ്കിലുമാണു മരണം സംഭവിക്കുന്നതെങ്കിൽ പാലിക്കേണ്ട നടപടിക്രമങ്ങളും രേഖപ്പെടുത്തിവച്ചിരുന്നു. ഈ മാർഗരേഖ അനുസരിച്ച് സ്കോട്‌ലൻഡിൽ വച്ച് ബ്രിട്ടിഷ് രാജ്ഞി മരിച്ചതോടെ ‘ഓപറേഷൻ യൂണികോൺ’ എന്ന് വിളിക്കപ്പെടുന്ന നടപടി ക്രമങ്ങളായിരിക്കും പിന്തുടരുക.
സ്കോട്‌ലൻഡിലെ ദേശീയ മൃഗമാണ് യൂണികോൺ. ഇംഗ്ലണ്ടിലെ ദേശീയ ചിഹ്‍നമായ സിംഹത്തോടൊപ്പം രാജകീയ അങ്കിയുടെ ഭാഗവുമാണ്. ബ്രിട്ടിഷ് രാജ്ഞിയുടെ മരണത്തിനു പിന്നാലെ ‘ലണ്ടൻ ബ്രിജ് ഇസ് ഡൗൺ’ എന്ന മാർഗരേഖ സജീവമായിരുന്നു. ഇതനുസരിച്ച് മരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിച്ച് ‘ലണ്ടൻ ബ്രിജ് ഇസ് ഡൗൺ’ എന്ന് ആണ് പറയേണ്ടത്. ഈ മാർഗരേഖ അനുസരിച്ച് യുകെയിൽ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടുകയും ബക്കിങ്ങാം കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകുകയും ചെയ്‌തു. യുകെയുടെ ദേശീയ മാധ്യമമായ ബിബിസി (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) വിവരങ്ങൾ പുറത്തുവിടുകയും ബിബിസി അവതാരകൻ കറുപ്പ് ധരിക്കുകയും ചെയ്‌തു. എന്നാൽ പുതിയ നടപടിക്രമം നിലവിൽ വന്നതോടെ സംസ്‌കാര ചടങ്ങുകൾ ‘ഓപറേഷൻ യൂണികോൺ’ പ്രകാരമാകും നടക്കുക.
എഡിൻബർഗ് പാർലമെന്റിലെ ഓൺലൈൻ പേപ്പറുകളിലാണ് ‘ഓപറേഷൻ യൂണികോൺ’ എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നതെന്നു ‘ദ് ഹെറാൾഡ്’ ദിനപത്രം റിപ്പോർട്ട് ചെയ്‍തു. ഈ മാർഗരേഖ അനുസരിച്ച് സ്കോട്‌ലൻഡിൽ ആയിരിക്കുമ്പോഴാണ് ബ്രിട്ടിഷ് രാജ്ഞിയുടെ മരണമെങ്കിൽ പാർലമെന്റ്, രാജ്ഞിയുടെ എഡിൻബർഗിലുള്ള ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് കൊട്ടാരം, സെന്റ് ഗിൽസ് കത്തീഡ്രൽ എന്നിവയായിരിക്കും പ്രധാന കേന്ദ്രങ്ങളെന്നു ‘ദ് ഹെറാൾഡ്’ റിപ്പോർട്ട് ചെയ്‌തു. സ്കോട്ടിഷ് തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മധ്യകാല പള്ളികളിൽ ഒന്നാണ് സെന്റ് ഗിൽസ് കത്തീഡ്രൽ. ‘ഓപറേഷൻ യൂണികോൺ’ പ്രകാരം ബ്രിട്ടിഷ് രാജ്ഞിയുടെ ഭൗതികശരീരം സംസ്കാര ചടങ്ങുകൾക്കായി ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്കു കൊണ്ടുവരുമെന്നു ദ് ഹെറാൾഡ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
ബക്കിങ്ങാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെയാണ് അന്ത്യവിവരം അറിയിച്ചത്. രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതോടെ ബക്കിങ്ങാം കൊട്ടാരപരിസരത്ത് ആയിരക്കണക്കിനുപേർ പ്രാർഥനകളുമായി ഒത്തുകൂടിയിരുന്നു. മരണവിവരം സ്ഥിരീകരിച്ചതോടെ രാജ്ഞിക്ക് ബ്രിട്ടനിലെ സമൂഹമാധ്യമങ്ങളിൽ അന്ത്യാഞ്ജലികളുടെ പ്രവാഹമായി.
ഏറ്റവും കൂടുതൽ കാലം(70 വർഷം) ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്നതിന്റെ റെക്കോർഡ് സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞിക്ക് 96 വയസ്സായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു ജൂലൈ മുതൽ രാജ്ഞി കഴിഞ്ഞിരുന്നത്. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് രാജകുടുംബാംഗങ്ങളെല്ലാം ബാൽമോറൽ കൊട്ടാരത്തിൽ എത്തിയിരുന്നു.
1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്. അമേരിക്കൻ വനിതയെ വിവാഹം ചെയ്യാൻ, പിതൃസഹോദരൻ എഡ്വേഡ് എട്ടാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ രാജാവായത്. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരം എലിസബത്തിനു വന്നു ചേർന്നു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 1952 ൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ 2022 ൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും രാജ്ഞി ഇടംപിടിച്ചിട്ടുണ്ട്.
രാജ്ഞിയുടെ അന്ത്യത്തോടെ അവരുടെ മൂത്ത മകൻ ചാൾസാകും ബ്രിട്ടനിലെ രാജാവ്. തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ കഴിഞ്ഞ വർഷം ഏപ്രിലിൽ 99–ാം വയസ്സിലാണ് അന്തരിച്ചത്. മക്കൾ: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.