ന്യൂഡല്‍ഹി: സ്വകാര്യവിവരങ്ങളെല്ലാം നിരീക്ഷിക്കാൻ കേന്ദ്രത്തിന് വിപുലമായ അധികാരം നല്‍കുന്ന ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷൻ ബില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.
ഔദ്യോഗിക പദവികളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. വിവരാവകാശ നിയമം ദുര്‍ബലപ്പെടുത്തുന്ന നീക്കമാണിത്.
ദേശസുരക്ഷ, വിദേശ സര്‍ക്കാരുകളുമായുള്ള ബന്ധം, ക്രമസമാധാന പാലനം എന്നിവ ചൂണ്ടിക്കാട്ടി ഏതു ഡാറ്റയും പരിശോധിക്കാനും കൈകാര്യം ചെയ്യാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമ നിര്‍മാണമാണിത്. പൗരന്മാര്‍ നിരീക്ഷണവലയത്തിലാകും. ബില്‍ കൂടുതല്‍ പരിശോധനയ്ക്ക് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം ഐടി മന്ത്രി അശ്വനി വൈഷ്ണവ് അംഗീകരിച്ചില്ല.
ബില്‍ നിയമമാകുന്നതോടെ പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ അനുമതി കൂടാതെ ശേഖരിക്കാനും കൈവശം വയ്ക്കാനും സര്‍ക്കാരിനും കോര്‍പറേറ്റുകള്‍ക്കും സാധിക്കും. ഡാറ്റ വിദേശത്തേക്കും കടത്താം. സബ്സിഡി, ആനുകൂല്യങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ വാഗ്ദാനം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാം. കോര്‍പറേറ്റ് ചാരവൃത്തിക്കും ഇത് വഴിയൊരുക്കും. അതേസമയം പൗരന്മാര്‍ക്ക് കേന്ദ്രത്തിനെതിരെയോ ഡാറ്റ പ്രൊട്ടക്ഷൻ ബോര്‍ഡിനെതിരെയോ കോടതിയെ സമീപിക്കാനാവില്ല.
വ്യക്തികള്‍ക്കും കമ്ബനികള്‍ക്കും എതിരെ ചുമത്താവുന്ന പരമാവധി പിഴ 500 കോടിയില്‍നിന്ന് 250 കോടിയായി കുറച്ചു. പണബില്‍ ആയി ഇത് കൊണ്ടുവന്നതിനാല്‍ രാജ്യസഭ തള്ളിയാലും നിയമമാകും. കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച ഡാറ്റ സംരക്ഷണ ബില്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിൻവലിച്ചിരുന്നു.