KeralaNews

പോലീസ് മേധാവി സ്ഥാനത്തു നിന്ന് ബെഹ്‌റ പടിയിറങ്ങി; പുതിയ മേധാവി ഇന്ന് ചുമതല ഏറ്റെടുക്കും

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങി. സ്ഥാനമൊഴിയുന്ന ഡിജിപിക്ക് സേനാംഗങ്ങള്‍ എസ്എപി മൈതാനത്ത് നടന്ന ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ച ബെഹ്‌റ മറുപടി പ്രസംഗത്തില്‍ വികാരാധീനനായി.

താനൊരു മലയാളിയെന്നും മുണ്ടുടുക്കുമെന്നും പറഞ്ഞ ബെഹ്‌റ ഇതൊന്നും ആരെയും കാണിക്കാനല്ലെന്നും കേരളം തനിക്ക് വേണ്ടപ്പെട്ടതെന്നും കൂട്ടിച്ചേര്‍ത്തു. മികച്ച പോലീസ് സേനയാണ് കേരളത്തിലേതെന്നും കേരള പൊലീസിലെ നവീകരണം ഇനിയും തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. എന്‍ഐഎയില്‍ അഞ്ചു വര്‍ഷവും സിബിഐയില്‍ 11 വര്‍ഷവും പ്രവര്‍ത്തിച്ചു. ആലപ്പുഴ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്‌നിരക്ഷാ സേനാ മേധാവി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

അതേസമയം പുതിയ പോലീസ് മേധാവി ആരെന്ന് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകും. യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ള സുധേഷ് കുമാര്‍, ബി. സന്ധ്യ, അനില്‍കാന്ത് എന്നിവരാണ് പുതിയ പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ലിസ്റ്റിലുള്ളത്. പുതിയ പോലീസ് മേധാവി വൈകിട്ട് പോലീസ് ആസ്ഥാനത്തെത്തി ബെഹ്‌റയില്‍ നിന്ന് ചുമതലയേറ്റെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button