തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ലോകായുക്ത. ബന്ധുനിയമനത്തില്‍ ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. മുഖ്യമന്ത്രി തുടര്‍നടപടിയെടുക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.
ജലീല്‍ ബന്ധു അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ നിയമിച്ചത് ചട്ടലംഘനമാണെന്നും ജസ്റ്റീസുമാരായ സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ കണ്ടെത്തി. ജലീലിനെതിരായ ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കും.
ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം. വി.കെ. മുഹമ്മദ് ഷാഫി എന്ന ആളാണ് പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്ത കണ്ടെത്തി.
മന്ത്രി കെ.ടി.ജലീൽ ബന്ധു നിയമനം നടത്തിയെന്ന യുത്ത് ലീഗ് നേതാവിന്റെ ആരോപണം രാഷ്ട്രീയം മാത്രമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. പി.കെ.ഫിറോസിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്. ഫിറോസിന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫിറോസ് നൽകിയ പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള കഴമ്പില്ലെന്നു വിജിലൻസ് കോടതിയെ അറിയിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ് പറയുകയാണെങ്കിൽ ഉടൻ ഹൈക്കോടതിയിലേക്ക് ഓടി വരികയാണോ ചെയ്യേണ്ടതെന്ന് ഫിറോസിനോട് കോടതി ചോദിച്ചു.
ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി മന്ത്രി ബന്ധുവിനെ നിയമിച്ചതിൽ അഴിമതിയുണ്ടെന്നും മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമായിരുന്നു ഫിറോസിന്റെ ആവശ്യം.
ബന്ധു നിയമന വിവാദത്തില്‍ കെ.ടി.ജലീലിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഹർജിക്കാരന്‍ പറയുന്ന അദീബ് (മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു) ഇപ്പോള്‍ സര്‍വീസില്‍ ഇല്ല. നിയമന കാലയളവില്‍ ഇദ്ദേഹം കൈപ്പറ്റിയ തുകയെല്ലാം സര്‍ക്കാരിലേക്ക് തിരിച്ചടച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിക്കാത്ത സ്ഥിതിക്ക് മന്ത്രിക്ക് എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ച സ്ഥിതിക്ക് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് കോടതി ഹർജിക്കാരനെ ബോധിപ്പിച്ചിരുന്നു.