ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (Lok Sabha election) ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ്വാദി പാര്‍ട്ടി (Samajwadi Party). ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷിയായ കോണ്‍ഗ്രസിന് പാര്‍ട്ടി 11 സീറ്റുകള്‍ നീക്കിവെച്ചതായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് (Akhilesh Yadav) പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മെയിന്‍പുരിയില്‍ മത്സരിക്കും. ശഫീഖുര്‍ റഹ്‌മാന്‍ ബര്‍ഖ് (സംബല്‍), രവിദാസ് മെഹ്‌റോത്ര (ലഖ്‌നോ), അക്ഷയ് യാദവ് (ഫിറോസാബാദ്), കാജല്‍ നിഷാദ് (ഗോരഖ്പൂര്‍), അനു ടണ്ഠന്‍ (ഉന്നാവോ) തുടങ്ങിയവരടങ്ങിയതാണ് പട്ടിക.
സമാജ്വാദി പാര്‍ട്ടിയുടെ ആദ്യ പട്ടികയില്‍ 11 ഒബിസി, ഒരു മുസ്ലിം, ഒരു ദലിത്, ഒരു താക്കൂര്‍, ഒരു ടണ്ടന്‍, ഒരു ഖത്രി സ്ഥാനാര്‍ത്ഥികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 11 ഒബിസി സ്ഥാനാര്‍ത്ഥികളില്‍ നാല് കുര്‍മി, മൂന്ന് യാദവ്, രണ്ട് ശാക്യ, ഒരു നിഷാദ്, ഒരു പാല്‍ എന്നിവരും ഉള്‍പ്പെടുന്നു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പക്ഷം മാറി എന്‍ഡിഎയില്‍ ചേരുന്നതോടെ പ്രതിപക്ഷത്തിന്റെ ഇന്ത്യ വിഭാഗത്തില്‍ ഭിന്നത രൂക്ഷമായിരിക്കുന്ന സമയത്താണ് പ്രഖ്യാപനം. പശ്ചിമ ബംഗാളിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.