ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വിധിയെഴുതി വോട്ടര്‍മാര്‍. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി വരെ 59.7 ശതമാനം പോളിങ് രേഖപ്പെടുത്തി.
21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. 16.63 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താനുണ്ടായിരുന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകള്‍ ഇതിനായി സജ്ജമാക്കിയിരുന്നു.
തമിഴ്‌നാട്ടില്‍ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. അഞ്ചുമണിവരെയുള്ള കണക്ക് അനുസരിച്ച് തമിഴ്‌നാട്ടില്‍ പോളിങ് ശതമാനം 63.2 ആണ്.
നാനൂറ് സീറ്റുകളില്‍ അധികം നേടുമെന്ന എന്‍.ഡി.എ. വാദം സാധ്യമാകണമെങ്കില്‍, തമിഴ്‌നാട്ടില്‍നിന്ന് ബി.ജെ.പി. പ്രതിനിധികള്‍ വിജയിച്ചേ മതിയാകൂ. അതേസമയം അതിന് അനുവദിക്കാതിരിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് ഇന്ത്യ സഖ്യം.തമിഴ്‌നാട്ടിലെ സേലത്ത് 77 വയസ്സുകാരി ഉള്‍പ്പെടെ രണ്ട് വയോധികര്‍ പോളിങ് ബൂത്തുകളില്‍ മരിച്ചു.
രാജസ്ഥാനില്‍ 12 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ അഞ്ചുമണി വരെ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേസമയം ഉത്തര്‍ പ്രദേശിലെ എട്ട് മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.
പശ്ചിമബംഗാളിലും മണിപ്പുറിലും പോളിങ്ങിനിടെ അക്രമസംഭവങ്ങളുണ്ടായി. വടക്കന്‍ ബംഗാളിലെ കൂച്ച്ബിഹാറില്‍ തൃണമൂല്‍-ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും പരസ്പരം പഴി ആരോപിക്കുകയും ചെയ്തു. അതേസമയം എന്തെങ്കിലും വിധത്തിലുള്ള സംഘര്‍ഷമുണ്ടായതായി പോലീസ് അറിയിച്ചിട്ടില്ല.
മിസോറമിലെ ബിഷ്ണുപുറില്‍ പോളിങ് സ്‌റ്റേഷനു സമീപത്ത് വെടിയുതിര്‍ക്കപ്പെട്ട സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ പോളിങ് സ്‌റ്റേഷന്‍ സാമൂഹികവിരുദ്ധര്‍ ആക്രമിച്ച് തകര്‍ത്തു.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, ജിതേന്ദ്ര സിങ്, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവര്‍ ഒന്നാംഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖരാണ്.