കൊച്ചി: ലോക്ഡൗൺ തടസം കോടതി നീക്കിയതോടെ ബെഫിയും ഡെന്നിസും വിവാഹിതരായി. കോവിഡ് കാരണം ഒരു വർഷത്തോളം നീട്ടിവെയ്ക്കേണ്ടി വന്ന വിവാഹമാണ് ഇന്ന് അടിയന്തരമായി നടത്താൻ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
വെള്ളിയാഴ്ച വിവാഹം നടത്തി അന്നു തന്നെ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാനുമാണ് ജസ്റ്റിസ് എൻ.നഗരേഷ് നിർദേശിച്ചത്. വിസ കാലാവധി തീരുന്നതിനാൽ ജൂൺ അഞ്ചിന് വരന് അമേരിക്കയിലേക്ക് മടങ്ങേണ്ടതുള്ളതും പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടൽ. തുടർന്നാണ് തൃശ്ശൂർ കുട്ടനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ എത്തി ഇരുവരും വിവാഹരിരായത്.
തൃശ്ശൂർ സ്വദേശിനി ബെഫി ജീസണിന്റെയും പൂഞ്ഞാറിൽ വേരുകളുള്ള അമേരിക്കൻ പൗരൻ ഡെന്നിസ് ജോസഫ് തോമസിന്റെയും കഴിഞ്ഞ വർഷം മേയ് അഞ്ച് മുതലുള്ള കാത്തിരിപ്പാണ് ഇന്ന് യാഥാർഥ്യമായത്. 2019 മേയ് 17-നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. കഴിഞ്ഞ വർഷം മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു തീരുമാനം.
ഇതിനിടയിലാണ് കോവിഡും ദേശീയ ലോക്ഡൗണും വന്നത്. തുടർന്ന് ഈ വർഷം മേയ് അഞ്ചിന് വിവാഹം നടത്താൻ തീരുമാനിച്ചു. ഇതിനായി ഡെന്നിസ് മേയിൽ കേരളത്തിലെത്തി. അപ്പോഴും കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.
വിസയുടെ കാലാവധി കഴിയുന്നതിനാൽ വിവാഹത്തിനു ശേഷം ജൂൺ അഞ്ചിന് അമേരിക്കയിലേക്ക് മടങ്ങണമായിരുന്നു. 30 ദിവസത്തെ നോട്ടീസ് കാലാവധി പാലിക്കാൻ സാധിക്കാത്തതിനാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താനാകുമായിരുന്നില്ല. അതിനാൽ കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകി. സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിക്കാത്തത് കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ, ഇതിൽ നടപടി ഉണ്ടായില്ല.
തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. കോവിഡ് കാരണമാണ് വിവാഹം നീട്ടിവെയ്ക്കേണ്ടി വന്നതെന്നത് കണക്കിലെടുത്താണ് വെള്ളിയാഴ്ച തന്നെ വിവാഹം നടത്താൻ കോടതി നിർദേശിച്ചത്. വെള്ളിയാഴ്ച ഇരുവരുടെയും വിവാഹം നടത്തി നൽകാൻ തൃശ്ശൂർ കുട്ടനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസറോടാണ് കോടതി നിർദേശിച്ചത്.