<p>തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഘട്ടം ഘട്ടമായി മാത്രം ഇളവ് മതിയെന്നാണ് കേരളത്തിന്റെ നിലപാട്. നാളെ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചേക്കുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം കൂടി അറിഞ്ഞശേഷം ഇളവുകളെ കുറിച്ച് സംസ്ഥാനം വീണ്ടും വിദഗ്ധരുമായി ആലോചിക്കും.</p>
<p>നിലവില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കൊവിഡ് നിയന്ത്രണവിധേയമാണ്. പക്ഷെ ലോക്ക് ഡൗണില്‍ ഒറ്റയടിക്ക് ഇളവ് വന്നാല്‍ വീണ്ടും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് സംസ്ഥാനത്തിന്റെ പൊതുവിലയിരുത്തല്‍. രോഗം വല്ലാതെ കൂടുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നുമുള്ള മലയാളികളുടെ വരവാണ് ഇനിയുള്ള വെല്ലുവിളി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേരളം നിയോഗിച്ച കര്‍മ്മസമിതി ശുപാര്‍ശ ചെയ്തത് ഇളവ് മൂന്ന് ഘട്ടമായി മാത്രം നീക്കിയാല്‍ മതിയെന്നായിരുന്നു. കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഈ ശുപാര്‍ശകളെ കൂടി അടിസ്ഥാനപ്പെടുത്തിയാകും മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുക. </p>
<p>അതേസമയം, തന്നെ ഇളവുകള്‍ ഒന്നുമില്ലാതെയുള്ള പൂര്‍ണ്ണ അടച്ചിടലിനോട് സംസ്ഥാനത്തിന് യോജിപ്പില്ല. ഇപ്പോള്‍ തന്നെ ചില മേഖലകളില്‍ ഓരോ ദിവസവും കൊണ്ടുവരുന്ന പോലുള്ള ചെറിയ ഇളവുകള്‍ വീണ്ടും വേണമെന്നാണ് അഭിപ്രായം. പൊതുഗതാഗതം, പരീക്ഷകള്‍, സ്‌കൂളുകള്‍ എന്നിവയിലാണ് നിര്‍ണ്ണായക തീരുമാനം വരേണ്ടത്. ജില്ലകള്‍ക്ക് അകത്ത് കര്‍ശന നിബന്ധനകളോടെ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയുള്ള ബസ് യാത്ര അടക്കം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. </p>
<p> മുടങ്ങിയ എസ്എസ്എല്‍സി പരീക്ഷകളിലും സ്‌കൂള്‍ തുറക്കലിലും ഉടന്‍ തീരുമാനം ഉണ്ടാകില്ല. പ്രധാന ഇളവുകള്‍ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കൂടി അറിഞ്ഞ ശേഷം, തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗമായിരിക്കും അവസാനത്തെ തീരുമാനമെടുക്കുക. ഒപ്പം കര്‍മ്മസമിതി അംഗങ്ങളുമായി വീണ്ടും മുഖ്യമന്ത്രി ചര്‍ച്ച നടത്തുകയും ചെയ്യും.</p>