തിരുവനന്തപുരം:സംസ്ഥാനത്തെ പുതിയ കൊവിഡ് നിയന്ത്രണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിയമസഭയിൽ പ്രഖ്യാപിക്കും. ഇന്ന് ചേർന്ന അവലോകന യോഗത്തിൽ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചു. ആഴ്ചയിൽ ആറ് ദിവസവും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നിടാനുള്ള നിർദേശമാണ് ഇതിൽ പ്രധാനം. നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച ദിവസം തുടരും.
ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏർപ്പെടുത്തുക. ആയിരം ആളുകളിൽ എത്ര പേർ പൊസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുക. കൊവിഡ് രോഗികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്തിടങ്ങളിൽ വിപുലമായ ഇളവ് നൽകും. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയിൽ എത്ര പൊസീറ്റീവ് കേസുകൾ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം.
ഇതോടെ ഒരു പഞ്ചായത്തിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രം അടച്ചിടും.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിദഗ്ദ്ധരുമായി ചർച്ച നടത്തിയ ചീഫ് സെക്രട്ടറി തല സമിതി പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇന്നത്തെ അവലോകന യോഗത്തിൽ നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. ടിപിആർ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങൾ അടച്ചിടുന്ന നിലവിലെ രീതി മാറ്റി രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ടു വരാനാണ് സമിതി ശുപാർശ ചെയ്തത്. കൂടുതൽ കൊവിഡ് കേസുകൾ ഉള്ള സ്ഥലത്ത് മൈക്രോ കണ്ടെയ്ൻമെൻ്റ് സോൺ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്തെ പകുതിയിലേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും അടച്ചുപൂട്ടിയ അവസ്ഥയാണുള്ളത്.
ഓണത്തിന് മുന്നോടിയായി വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം വിപുലീകരിക്കാത്ത പക്ഷം വലിയ തിരിച്ചടിയുണ്ടായേക്കാം എന്ന വിലയിരുത്തലും സംസ്ഥാന സർക്കാരിനുണ്ട്. ടിപിആർ രോഗവ്യാപനം അളക്കാനുള്ള മാനദണ്ഡമാണെന്നും അതല്ലാതെ അടച്ചു പൂട്ടാനുള്ള കണക്കായി പരിഗണിക്കരുതെന്നും വിദഗ്ദർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്സീനെടുത്തവരും കൊവിഡ് വന്നു പോയവരുമായി കേരളത്തിലെ അൻപത് ശതമാനത്തിലേറെ പേർക്ക് കൊവിഡിനെതിരായ പ്രതിരോധ ശേഷിയുണ്ടെന്നും ഈ കണക്കിൽ വിശ്വസിച്ച് ജനജീവിതം സുഗമമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ആരോഗ്യവിദഗ്ദ്ദർ തന്നെ അഭിപ്രായപ്പെടുന്നു. ടൂറിസം കേന്ദ്രങ്ങളടക്കം എല്ലാ പ്രദേശങ്ങളും സ്ഥാപനങ്ങളും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കണമെന്നാണ് കഴിഞ്ഞ ദിവസം ഐഎംഎ ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4219, തൃശൂര്‍ 2886, എറണാകുളം 2651, കോഴിക്കോട് 2397, പാലക്കാട് 1572, കൊല്ലം 1828, ആലപ്പുഴ 1250, കോട്ടയം 1160, കണ്ണൂര്‍ 1087, തിരുവനന്തപുരം 1051, കാസര്‍ഗോഡ് 774, വയനാട് 767, പത്തനംതിട്ട 555, ഇടുക്കി 333 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.