സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി; ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകളുമായി കേരളം
തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ അഞ്ചാം ഘട്ടത്തിലാണ് സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. കേരളത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി നല്‍കി. നിയന്ത്രണങ്ങളോടെയാണ് ജില്ലയ്ക്കു പുറത്തേയ്ക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അന്തര്‍ജില്ലാ ബസ് സര്‍വീസിനും അനുമതി നല്‍കി. ചൊവ്വാഴ്ച മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ജില്ലാ സര്‍വീസുകള്‍ ആരംഭിക്കും. പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കു. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
അതേസമയം അന്തര്‍ സംസ്ഥാന യാത്രയ്ക്ക് തത്ക്കാലം അനുമതിയില്ല. യാത്രനിരക്ക് 50 ശതമാനം കൂടും. നിയന്ത്രണങ്ങളോടെ ഹോട്ടലുകളും തുറക്കാം. ഹോട്ടലുകളില്‍ നേരത്തെ ബുക്ക് ചെയ്യണം. പകുതി സീറ്റ് ഒഴിച്ചിടണം, തുടങ്ങിയ നിയന്ത്രണങ്ങളോടെയായിരിക്കും സംസ്ഥാനത്ത് ഹോട്ടലുകള്‍ തുറക്കുക.