വ്യക്തിസ്വാതന്ത്ര്യവും, ലൈംഗീക സ്വാതന്ത്ര്യവും ഓരോ വ്യക്തിയുടേയും അവകാശമാണ്; സിസ്റ്റര്‍ ലൂസിയെ പോലോരാള്‍ മോറല്‍ പോലീസാകരുതെന്ന് ജോമോള്‍ ജോസഫ്
കൊച്ചി: പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ ലൈംഗീകാരോപണവുമായി രംഗത്ത് വന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ മോഡല്‍ ജോമോള്‍ ജോസഫ് രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോമോള്‍ സിസ്റ്റര്‍ ലൂസിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. മാനന്തവാടി രൂപതയിലെ കാരക്കാമല സെന്റ് മേരീസ് പള്ളി വികാരി സ്റ്റീഫന്‍ കോട്ടക്കലും, കാരക്കാമല എഫ്.സി.സി മഠം സുപ്പീരിയര്‍ ലിജി മരിയയും തമ്മില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു എന്നത് സംബന്ധിച്ച് സിസ്റ്റര്‍ ലൂസി ഉന്നയിച്ച ആക്ഷേപത്തില്‍ സിസ്റ്റര്‍ ലൂസിയെ സപ്പോര്‍ട്ട് ചെയ്യാനായി യാതൊരു നിര്‍വ്വാഹവുമില്ലെന്നാണ് ജോമോള്‍ പറയുന്നത്.
സ്റ്റീഫന്‍ കോട്ടക്കലെന്ന ഇടവകാ വികാരിയും, സുപ്പീരിയര്‍ ആയ ലിജി മരിയയും തമ്മില്‍ സ്വകാര്യ ഇടപെടലുണ്ടായി എന്ന് സിസ്റ്റര്‍ ലൂസി ആരോപിക്കുന്നത് പള്ളിയോടനുബന്ധിച്ച് ഇടവകാവികാരിയുടെ താമസസ്ഥലത്താണ്. അതായത് പള്ളിമേടയെന്ന് വിളിക്കപ്പെടുന്ന ആ താമസസ്ഥലം ഇടവകാ വികാരിയായ സ്റ്റീഫന്‍ കോട്ടക്കലിന്റെ സ്വകാര്യയിടമാണ്. പള്ളിമേട ഇടവകക്കാരുടെ സ്വത്താണ് എങ്കിലും അവിടെ താമസിക്കുന്ന വ്യക്തിയുടെ അനുവാദം കൂടാതെ അതിനുള്ളില്‍ പ്രവേശിക്കാന്‍ ആര്‍ക്കും നിയമപരമായി യാതൊരവകാശവുമില്ല. സിസ്റ്റര്‍ ലൂസി നടത്തിയത് മറ്റെരാളുടെ സ്വകാര്യയിടത്തേക്ക് കടന്നുകയറ്റവും അതിക്രമിച്ച് കയറലും തന്നെയാണെന്നും ജോമോള്‍ പറയുന്നു.
ജോമോള്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
സിസ്റ്റര്‍ ലൂസിയുടെ പേരിലാണ് കേസെടുക്കേണ്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിസ്റ്റര്‍ ലൂസി കളപ്പുരക്കലെഴുതിയ ഫേസ്ബുക്ക് പോസ്റ്റും, സിസ്റ്റര്‍ ലൂസി ഉന്നയിച്ച വിഷയങ്ങളും ചര്‍ച്ചയാകുകയുണ്ടായി..
മാനന്തവാടി രൂപതയിലെ കാരക്കാമല സെന്റ് മേരീസ് പള്ളി വികാരി സ്റ്റീഫന്‍ കോട്ടക്കലും, കാരക്കാമല FCC മഠം സുപ്പീരിയര്‍ ലിജി മരിയയും തമ്മില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു എന്നത് സംബന്ധിച്ചാണ് സിസ്റ്റര്‍ ലൂസി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ ഈ വിഷയത്തില്‍ സിസ്റ്റര്‍ ലൂസിയെ സപ്പോര്‍ട്ട് ചെയ്യാനായി യാതൊരു നിര്‍വ്വാഹവുമില്ല. കാരണം..
സഭാ നിയമങ്ങളെ ചലഞ്ച് ചെയ്തുകൊണ്ടും, രാജ്യത്തെ നിയമങ്ങളും വ്യക്തി സ്വാതന്ത്ര്യങ്ങളും സ്വകാര്യതയും തനിക്ക് കൂടി അവകാശപ്പെട്ടതാണ് എന്നവകാശപ്പെട്ട് നിരവധി സമരവഴികളും ചര്‍ച്ചകളും തുടങ്ങിവെച്ച വ്യക്തിയാണ് സിസ്റ്റര്‍ ലൂസി. അത് സിസ്റ്റര്‍ ലൂസി തന്നെ മറ്റു രണ്ടു വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും ഇടിച്ച് കയറുന്നതാണ് ഈ വിഷയത്തില്‍ കാണാനാകുന്നത്.
1. സ്റ്റീഫന്‍ കോട്ടക്കലെന്ന ഇടവകാ വികാരിയും, സുപ്പീരിയര്‍ ആയ ലിജി മരിയയും തമ്മില്‍ സ്വകാര്യ ഇടപെടലുണ്ടായി എന്ന് സിസ്റ്റര്‍ ലൂസി ആരോപിക്കുന്നത് പള്ളിയോടനുബന്ധിച്ച് ഇടവകാവികാരിയുടെ താമസസ്ഥലത്താണ്. അതായത് പള്ളിമേടയെന്ന് വിളിക്കപ്പെടുന്ന ആ താമസസ്ഥലം ഇടവകാ വികാരിയായ സ്റ്റീഫന്‍ കോട്ടക്കലിന്റെ സ്വകാര്യയിടമാണ്. പള്ളിമേട ഇടവകക്കാരുടെ സ്വത്താണ് എങ്കിലും അവിടെ താമസിക്കുന്ന വ്യക്തിയുടെ അനുവാദം കൂടാതെ അതിനുള്ളില്‍ പ്രവേശിക്കാന്‍ ആര്‍ക്കും നിയമപരമായി യാതൊരവകാശവുമില്ല. സിസ്റ്റര്‍ ലൂസി നടത്തിയത് മറ്റെരാളുടെ സ്വകാര്യയിടത്തേക്ക് കടന്നുകയറ്റവും അതിക്രമിച്ച് കയറലും തന്നെയാണ്.
2. സ്റ്റീഫന്‍ കോട്ടക്കലും ലിജി മരിയയും തമ്മില്‍ ലൈംഗീകബന്ധത്തിലേര്‍പ്പെട്ടതായി സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. ഇവര്‍ രണ്ടു വ്യക്തികളും പ്രായപൂര്‍ത്തിയായവരായതുകൊണ്ടും, രണ്ടു വ്യക്തികളുടേയും പരസ്പരസമ്മതപ്രകാരവും ആയതിനാല്‍ സിസ്റ്റര്‍ ലൂസിക്ക് ഇതിലെന്ത് കാര്യം? അവര്‍ ലൈംഗീകബന്ധത്തിലേര്‍പ്പെട്ടാലും ഇല്ലേലും, അത് സിസ്റ്റര്‍ ലൂസയുടെ പരിഗണനാവിഷയമാകേണ്ട കാര്യമമേയല്ല. അതിനുള്ള അവകാശം നിയമപരമായി ആ രണ്ടുവ്യക്തികള്‍ക്കും രാജ്യത്തെ ഭരണഘടനയും നിയമവും അനുവദിച്ച് നല്‍കിയതാണ്.
3. സിസ്റ്റര്‍ ലൂസിയെ കടന്നുപിടിച്ചതായ ആരോപണവും നിലനില്‍ക്കുന്നതല്ല, കാരണം സ്റ്റീഫന്‍ കോട്ടക്കല്ല, ഞാനായാലും ഞാന്‍ താമസിക്കുന്ന വീട്ടിലോ നിങ്ങള്‍ താമസിക്കുന്ന വീട്ടിലോ അതിക്രമിച്ച് കയറിയ ഒരാളെ, അയാള്‍ ഓടിരക്ഷപ്പെടാനായി നോക്കിയാല്‍ ഓടിച്ചിട്ട് പിടിക്കുകയോ തടഞ്ഞു വെക്കുകയോ ചെയ്യും. എന്റെയോ നിങ്ങളുടേയോ സ്വകാര്യയിടത്ത് എനിക്കും നിങ്ങള്‍ക്കുമുള്ള സകല അവകാശങ്ങളും സ്റ്റീഫന്‍ കോട്ടക്കലെന്ന ഇടവകാവികാരിക്ക് അയാളുടെ താമസസ്ഥലത്തും ഉണ്ട്.
4. സഭാനിയമപ്രകാരം സ്റ്റീഫന്‍ കോട്ടക്കലും, ലിജിമരിയയും തെറ്റുചെയ്തു എന്ന് സിസ്റ്റര്‍ ലൂസി പറയുമ്പോള്‍, സഭാ നിയമത്തിനായി വാദിക്കുമ്പോള്‍ സിസ്റ്റര്‍ ലൂസി ഒന്നോര്‍ക്കുക, ഇതേ സഭാനിയമത്തിന് മുന്നില്‍ പല നിയമലംഘനങ്ങളും നടത്തിയാണ് താങ്കള്‍ അവകാശങ്ങള്‍ക്കായും സഭാനിയമ പരിഷ്‌കരണങ്ങള്‍ക്കുമായും വാദിച്ചിരുന്നത് എന്നത് മറക്കരുത്. താങ്കള്‍ പറയുന്ന സഭാനിയമപ്രകാരണാണ് എങ്കില്‍, പള്ളിമേടയിലേക്ക് താങ്കള്‍ ഒറ്റക്ക് പോയതും തെറ്റുതന്നെയാണ്.
5. രാജ്യത്തെ നിയമത്തിന് മുന്നില്‍ രണ്ടുവ്യക്തികള്‍ തമ്മില്‍ പരസ്പരസമ്മതപ്രകാരം ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നത് തെറ്റാല്ലാത്തിടത്തോളം, ലിജി മരിയക്കോ സ്റ്റീഫന്‍ കോട്ടക്കലിനോ പരാതിയില്ലാത്തിടത്തോളം, മറ്റൊരാള്‍ക്ക് പരാതിയുണ്ടാകേണ്ട യാതൊരു കാര്യവും ഇല്ല, പോലീസിന് അതന്വേഷിക്കേണ്ട യാതൊരു ബാധ്യതയുമില്ല. സിസിടിവി അവിടെ വെച്ചിരിക്കുന്നത് അവിടത്തെ താമസക്കാരുടെ സുരക്ഷക്കാണ്, ആ സിസിടിവി പരിശോധിച്ചാല്‍ താങ്കളാണ് നിയമത്തിന് മുന്നില്‍ തെറ്റുകാരി. അതിക്രമിച്ചു കയറിയതിനും, മോഷണശ്രമത്തിനോ, റോബറിക്കോ, അവിടെയുണ്ടായിരുന്നവരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനോ, മാനഹാനി വരുത്തിയതിനോവരെ താങ്കളുടെ പേരില്‍ പോലീസിന് കേസെടുക്കാം, സ്റ്റീഫന്‍ കോട്ടക്കലിന്റെയും ലിജി മരിയയുടേയും പരാതികളില്‍.
6. സ്വകാര്യത ഏതൊരു വ്യക്തിയുടേയും അവകാശമാണ്.
7. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഓരോ വ്യക്തിക്കും ബാധകമാണ്.
8. രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ഏരോ വ്യക്തിക്കും ബാധ്യതയുണ്ട്.
9. വ്യക്തിസ്വാതന്ത്ര്യവും, ലൈംഗീക സ്വാതന്ത്ര്യവും ഓരോ വ്യക്തിയുടേയും അവകാശമാണ്.
10. സിസ്റ്റര്‍ ലൂസിയെ പോലോരാള്‍ മോറല്‍ പോലീസാകരുത്.
നബി – സഭാനിയമമൊക്കെ വെറും കോമഡിയല്ലേ, ആ കോമഡിയെ മറികടന്ന് രാജ്യത്തെ ഭരണഘനയെയും രാജ്യത്തെ നിമങ്ങളെയും പൌരാവകാശങ്ങളെയും മനസ്സിലാക്കി സ്റ്റീഫന്‍ കോട്ടക്കലും, ലിജി മരിയയും അടക്കം നിരവധി പുരോഹിതും സന്യസ്ഥരും വരുന്നത് പ്രതീക്ഷയാണ്. അധികം വൈകാതെ കാലഹരണപ്പെട്ട സഭാനിയമങ്ങള്‍ പൊളിച്ചെഴുതാന്‍ സഭ നിര്‍ബന്ധിതമാകും. സഭക്ക് വേറെ വഴിയില്ല.