ചെന്നൈ: കേരളത്തില്‍ കൊവിഡ് ബാധ പാരമ്യത്തില്‍ എത്തിയെന്ന് ഐ സി എം ആര്‍ ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ ടി ജേക്കബ് ജോണ്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഇപ്പോഴും താരതമ്യേന സുരക്ഷിതമായ അവസ്ഥയിലാണ്. അതിനാൽ പേടിക്കേണ്ട കാര്യമില്ല. ഇനിയങ്ങോട്ട് കൊവിഡ് വ്യാപനത്തിന്റെ തോത് താഴോട്ടായിരിക്കും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒരുതരത്തിലും ആശാസ്യമല്ലെന്നും ജേക്കബ് ജോണ്‍ വ്യക്തമാക്കി.
കേരളത്തില്‍ പത്തുലക്ഷം പേരില്‍ 4,997പേര്‍മാത്രമാണ് അസുഖ ബാധിതരായിട്ടുളളത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളുമാതി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. മരണനിരക്കിന്റെ കാര്യത്തിലും കേരളം പിന്നിലാണ്. കൊവിഡ് രോഗബാധിതരില്‍ എല്ലാവരെയും ചികിൽസിക്കേണ്ട കാര്യമില്ല. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണം. ഓക്സിജന്റെ അളവ് 95 ശതമാനത്തില്‍ കുറവാണെന്ന് കണ്ടാന്‍ ഉടന്‍ ചികിത്സ ലഭ്യമാക്കണമെന്നും ജേക്കബ് ജോണ്‍ അറിയിച്ചു.