ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും നീട്ടിയേക്കുമെന്ന് സൂചന. നിരവധി സംസ്ഥാന സര്‍ക്കാരുകളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ആ വഴിക്കാണ് ചിന്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
<p>വളരെ നീണ്ട യാത്രയാണെന്നും ജനങ്ങള്‍ അതിനായി തയാറാകണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്ഡൗണ്‍ നീട്ടുന്നതിനുള്ള തീരുമാനം ദേശീയ താല്‍പര്യപ്രകാരം ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും പറഞ്ഞിരുന്നു. തങ്ങള്‍ ലോകത്തെ സാഹചര്യം സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ തീരുമാനം ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്നും ജാവദേക്കര്‍ പറഞ്ഞു.</p>
<p>അതേസമയം ലോക്ഡൗണ്‍ നീട്ടണമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനമെന്നും സമ്പദ്വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാന്‍ കഴിയുമെന്നും ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയോട് പറഞ്ഞു.</p>
<p>കൊറോണ ഹോട്‌സ്‌പോട്ടുകളില്‍ രണ്ടാഴ്ച കൂടി നിയന്ത്രണങ്ങള്‍ നീട്ടുന്നതിനെ അനുകൂലിക്കുന്നതായി കര്‍ണാടകയും അറിയിച്ചു. നിയന്ത്രണം ഏതാനും ദിവസം കൂടി നീട്ടണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളില്‍ ഈ മാസം അവസാനം വരെ രണ്ടാഴ്ച കൂടി ലോക് ഡൗണ്‍ ദീര്‍ഘിപ്പിക്കണം. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും കെ. സുധാകര്‍ കൂട്ടിച്ചേര്‍ത്തു.</p>