ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇനി മുതല്‍ എല്ലാ ഞായറാഴ്ചകളിലും ലോക്ക്ഡൗണായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ 10 ജില്ലകളില്‍ രാത്രി ഏഴ് മുതല്‍ രാവിലെ എട്ട് വരെ രാത്രികാല കര്‍ഫ്യുവും ഏര്‍പ്പെടുത്തി. അതേസമയം, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും 10,000 രൂപ പിഴയീടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും ആദ്യം 1,000 രൂപയാണ് പിഴയീടാക്കിയിരുന്നത്. ഈ തുകയാണ് വര്‍ധിപ്പിച്ചു.
യുപിയില്‍ മേയ് 15 വരെ സ്‌കൂളുകള്‍ അടച്ചിട്ടു. പരീക്ഷകള്‍ മാറ്റിവച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ലക്‌നോ, വാരണാസി എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം വര്‍ധിക്കുന്നത്.
കൊവിഡ് വ്യാപനം പിടിച്ച് നിർത്താനാകാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രതിസന്ധിയിലായിരിയ്ക്കുകയാണ്. പ്രതിദിനരോഗികൾ ഇരുപതിനായിരം പിന്നിട്ടതും മറ്റ് നഗരങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മടക്കവും ഉത്തർപ്രദേശിൽ തിരിച്ചടിയാകുകയാണ്. ഗുജറാത്തിലും, ചത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും സാഹചര്യം മോശമാണ്.
ഒരേ കിടക്കയിൽ രണ്ട് കൊവിഡ് രോഗികൾ, മൃതദേഹങ്ങൾ വരാന്തയിൽ, ഉത്തരേന്ത്യയിലെ കൊവിഡ് സാഹചര്യത്തിന്‍റെ നേർസാക്ഷ്യമാണ് ദില്ലിയിൽ നിന്നുള്ള ഈ കാഴ്ചകള്‍. കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധി ഏറെയും ഉത്തർപ്രദേശിലാണ്, പ്രതിദിന രോഗബാധിയിലെ കുതിച്ചുചാട്ടം ആരോഗ്യരംഗത്തെ തകിടം മറിച്ചിരിക്കുകയാണ്. പല ആശുപത്രികളിലും കിടക്കകളും ആവശ്യത്തിന് ഓക്സിജൻ സിലണ്ടറുകളും ഇല്ലെന്ന് പരാതിയുണ്ട്.
ചത്തീസ്ഗഢിലെയും ഉത്തർപ്രദേശിലും കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യ ആഭ്യന്തര സെക്രട്ടറിമാർ യോഗം വിളിച്ചിട്ടുണ്ട്. ലക്നൗവിലെ കൊവിഡ് നിയന്ത്രണത്തിനായി ഡിആർഡിഒ സംഘത്തെ അയ്ക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേത്യത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ഇതിനിടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന ലക്നൗവിലെ ശ്മശാനത്തിന് ചുറ്റും ഷീറ്റുകൾ കൊണ്ട് അധികൃതർ അടച്ചു. ദൃശ്യങ്ങൾ പുറത്ത് വന്നത് യുപി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള താജ്മഹൽ ഉൾപ്പെടെയുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചു.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 2,17,353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിനനിരക്ക് ഇന്നലെയും രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15, 69,743 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്..
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഉത്തർപ്രദേശിലു, രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപ്രിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതുസ്ഥലങ്ങളിൽ നിയന്ത്രണം തുടരും. അതേസമയം സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കും. ചികിത്സ സംവിധാനങ്ങൾ വെല്ലുവിളി നേരിടുമ്പോൾ പി എം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.