എറണാകുളത്തും വയനാട്ടിലും യുഡിഎഫിന് തിരിച്ചടി, പാലക്കാട് എല്‍ഡിഎഫിനും; നാമനിര്‍ദേശ പത്രികകള്‍ തള്ളി; സൂഷ്മപരിശോധന കഴിയുമ്പോൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് എല്‍ഡിഎഫിനും യുഡിഎഫിനും പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. എറണാകുളത്തും വയനാട്ടിലുമാണ് യുഡിഎഫിന് തിരിച്ചടിയുണ്ടായത്. പാലക്കാട് നഗരസഭയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത്.

എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജിന്റെ നാമനിര്‍ദേശ പത്രിക തള്ളി. കടമക്കുടി ഡിവിഷനില്‍നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നല്‍കിയ പത്രികയാണ് തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചത് ഡിവിഷന് പുറത്തുനിന്നുള്ളവരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയിൽ പത്രിക തള്ളിയത്. ഇതിനെതിരെ അപ്പീല്‍ പോകാനാണ് ഇപ്പോള്‍ യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. 

പത്രിക തള്ളിയതോടെ ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിൽ യു.ഡി.എഫിന് സ്ഥാനാർത്ഥിയില്ല. ഡമ്മി സ്ഥാനാർത്ഥിയായി ആരും പത്രികനൽകിയിട്ടും ഇല്ല

കല്‍പറ്റയില്‍ നഗരസഭാ ചെയര്‍മാനായി പരിഗണിക്കാനിരുന്ന ടി.വി. രവീന്ദ്രന്റെ നാമനിര്‍ദേശപത്രിക തള്ളി. നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത തീര്‍ക്കാത്തതാണ് കാരണം. മുന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ അദ്ദേഹം ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. അതിന് ഓഡിറ്റ് ഒബ്ജക്ഷന്‍ വന്നു. അതിനുവേണ്ടി നഗരസഭാ ഫണ്ടില്‍നിന്ന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു.

കുറച്ച് പണം തിരിച്ചടച്ചതായാണ് രവീന്ദ്രന്‍ പറയുന്നത്, എന്നാല്‍ ബാധ്യത പൂര്‍ണമായും തീര്‍ത്ത സര്‍ട്ടിഫിക്കറ്റ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കാന്‍ അദ്ദേഹം വെച്ചിരുന്നില്ല. നിശ്ചിതസമയത്തിനുള്ളില്‍ ഇനിയത് ഹാജരാക്കാനും സാധിക്കില്ല. ഡമ്മിയായി പത്രിക നല്‍കിയിരുന്ന സി.എസ്. പ്രഭാകരന്‍ ആണ് രവീന്ദ്രനുപകരം ആ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുക.

പാലക്കാട് നഗരസഭയിലെ രണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയാണ് തള്ളിയത്. നഗരസഭാ വാര്‍ഡ് 50 കര്‍ണ്ണകി നഗര്‍ വെസ്റ്റ്, 51 വടക്കന്തറ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയാണ് തള്ളിയത്. മുന്‍വര്‍ഷത്തെ തിരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ഈ രണ്ട് വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News