തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 19 ആണ്.
കഴിഞ്ഞകാലങ്ങളിലേത് പോലെ ആഘോഷകരമായ പത്രികാ സമര്‍പ്പണത്തിന് വിലക്കുണ്ട്. വരാണാധികാരിയുടെ മുന്നിലേക്ക് വരുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വാഹനവ്യൂഹവും ജാഥയും പാടില്ല. നോമിനേഷന്‍ സമർപ്പിക്കാനെത്തുമ്പോൾ സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രമേ പാടുളളൂ. കണ്ടെയ്ന്‍മെന്റ് സോണിലുളളവരോ നിരീക്ഷണത്തില്‍ കഴിയുന്നവരോ ആണെങ്കില്‍ റിട്ടേണിംഗ് ഓഫിസറെ മുന്‍കൂട്ടി അറിയിക്കണം.
സ്ഥാനാര്‍ത്ഥി കൊവിഡ് പോസിറ്റിവോ നിരീക്ഷണത്തിലോ ആണെങ്കില്‍ നിര്‍ദേശകന്‍ മുഖേന നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്ബാകെ സ്ഥാനാര്‍ത്ഥി സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്തണം. തുടര്‍ന്ന് സത്യപ്രതിജ്ഞാ രേഖ റിട്ടേണിംഗ് ഓഫീസര്‍ക്ക് ഹാജരാക്കണം.
പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥിയടക്കം മൂന്ന് പേര്‍ക്കാവും പ്രവേശനം. ഒരു സമയം ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമേ പത്രികസമര്‍പ്പണം അനുവദിക്കുകയുളളൂ. പത്രികകള്‍ സ്വീകരിക്കുന്ന വരണാധികാരികള്‍ക്കും കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫിസര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിച്ചിരിക്കണം.