കെ.എം.ഷാജിയെ രണ്ടാം ദിനത്തിൽ ചോദ്യം ചെയ്തത് 16 മണിക്കൂർ, വീണ്ടും വിളിപ്പിച്ചു
കോഴിക്കോട്: അഴീക്കോട് പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ശേഷം മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജി പുറത്തിറങ്ങി. 16 മണിക്കൂറാണ് ഇന്നത്തെ ചോദ്യം ചെയ്യൽ നീണ്ടത്. കുറച്ച് രേഖകൾ കൂടി ഹാജരാക്കാനുണ്ടെന്നും അതിനായി പത്ത് ദിവസം അനുവദിച്ചതായും കെഎം ഷാജി പറഞ്ഞു. ചോദ്യങ്ങളെ നേരിട്ടത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്നും അദ്ദേഹം ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എൻഫോഴ്സ്മെന്‍റ് ഉദ്യേഗസ്ഥര്‍ എംഎൽഎയെ ചോദ്യം ചെയ്യുന്നത്. അഴീക്കോട് സ്കൂള്‍ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് കെഎം ഷാജി എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടററേറ്റ് വിളിപ്പിച്ചത്. കോഴിക്കോട് മാലൂർകുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോർപ്പറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ തുക എങ്ങിനെ ലഭിച്ചുവെന്നാണ് ഇഡിയുടെ ആദ്യ അന്വേഷണം.
വീട്ടിൽ നിന്ന് 50 ലക്ഷവും, ഭാര്യ ആശയുടെ വീട്ടിൽ നിന്ന് 50 ലക്ഷവും വീട് വെക്കാൻ ലഭിച്ചുവെന്നാണ് ഷാജിയുടെ മൊഴി. 20 ലക്ഷം രൂപ സുഹൃത്ത് നൽകി. രണ്ട് കാർ വിറ്റപ്പോൾ ലഭിച്ച 10 ലക്ഷവും വീട് നിർമ്മാണത്തിന് ഉപയോഗിച്ചെന്ന് കെഎം ഷാജി ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
അഞ്ച് ജ്വല്ലറികളിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. ഇത് പിൻവലിച്ചപ്പോൾ കിട്ടിയ തുകയും ലോൺ എടുത്ത തുകയും വീട് പൂർത്തിയാക്കാൻ എടുത്തുവെന്നും ഷാജി മൊഴി നൽകിയിട്ടുണ്ട്. അഴീക്കോട് സ്കൂളിൽ നിന്ന് 25 ലക്ഷം കോഴ വാങ്ങിയിട്ടില്ലന്നാണ് ഷാജി ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞത്. എംഎല്‍എയുടെ വിദേശയാത്രകളെക്കുറിച്ചും ചോദിച്ചറിഞ്ഞതായാണ് വിവരം.