തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു; 2.82 ലക്ഷം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 തദ്ദേശ വാര്‍ഡുകളിലായി ആകെ 2,82,645 വോട്ടര്‍മാരുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 1,34,451 പുരുഷന്‍മാരും 1,48,192 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്റര്‍മാരും ഇതില്‍ ഉള്‍പ്പെടും.

ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ രണ്ടും മുനിസിപ്പാലിറ്റികളിലെ മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുപതും വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെടുപ്പിനായി ആകെ 367 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ഏഴിന് ആരംഭിച്ചു. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. ക്രമസമാധാന പ്രശ്നങ്ങളുള്ള പോളിംഗ് ബൂത്തുകളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് കര്‍ശനമായ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തുന്നത്. വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിനു മുമ്പും വോട്ട് ചെയ്തതിനു ശേഷവും സാനിറ്റൈസര്‍ നല്‍കും. പോളിംഗ് ബൂത്തിന് അകത്തും പുറത്തും സാമൂഹിക അകലം ഉറപ്പാക്കും.

32 വാര്‍ഡുകളിലായി ആകെ 115 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 21 പേര്‍ സ്ത്രീകളാണ്. വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ പത്തിന് ആരംഭിക്കും. ഫലം കമ്മീഷന്റെ lsgelection.kerala.gov.in വെബ്സൈറ്റിലെ TREND ല്‍ ലഭ്യമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News