32.3 C
Kottayam
Monday, May 6, 2024

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടം; വൈക്കത്ത് കോണ്‍ഗ്രസ് വാര്‍ഡ് ബി.ജെ.പി പിടിച്ചെടുത്തു

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നുതുടങ്ങിയപ്പോള്‍ എല്‍.ഡി.എഫിന് നേട്ടം. കാസര്‍ഗോഡും പത്തനംതിട്ടയിലും ആലപ്പുഴയിലും എല്‍ഡിഎഫിന് യുഡിഎഫ് വാര്‍ഡുകളില്‍ അട്ടിമറി വിജയം നേടി. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഹൊന്നമൂല വാര്‍ഡ് ലീഗില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്വതന്ത്രന്‍ കംപ്യുട്ടര്‍ മൊയ്തിനാണ് വിജയി.

പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്ത് ഷുഗര്‍ ഫാക്ടറി രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ നിര്‍മല (സിപിഐ എം സ്വതന്ത്രഅട്ടിമറി വിജയം നേടി. കോന്നി പഞ്ചായത്ത് എലിയറയ്ക്കല്‍ വാര്‍ഡില്‍ ലീലാമണി (യു ഡി എഫ്) 56 വോട്ടിനു വിജയിച്ചു.

ആലപ്പുഴ ജില്ലയില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 കരുവറ്റും കുഴിയില്‍ യുഡിഎഫിന്റെ വാര്‍ഡ് എല്‍ ഡി എഫ് പിടിച്ചെടുത്തു. സിപിഐ എം ലെ കെ ബി പ്രശാന്താണ് വിജയിച്ചത്. ആലപ്പുഴ ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 കുമ്പിളിശ്ശേരിയില്‍ സുധാ രാജീവ് ( യുഡിഎഫ് ) വിജയിച്ചു.

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് (ഹൈസ്‌കൂള്‍ വാര്‍ഡ്) എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ കെ ബഷീര്‍(സിപിഐഎം) വിജയിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 ചതുര്‍ത്യാകരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബി മോഹനദാസ് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു.

പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും സീറ്റ് നിലനിര്‍ത്തി. എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായ ഒറ്റപ്പാലം നഗരസഭ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ആര്‍ ശോഭന വിജയിച്ചു.
ഷൊര്‍ണൂര്‍ നഗരസഭ 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ടി സീന വിജയിച്ചു.

വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി ബാലന്‍ മാവിലോട് 102 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

കണ്ണൂരിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പ്രമോദ് (സിപിഐ എം) വിജയിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ എടക്കാട് ഡിവിഷനില്‍ ടി പ്രശാന്ത്(സിപിഐ എം)വിജയിച്ചു. എല്‍ഡിഎഫ്– 27, യുഡിഎഫ്– 27, സ്വതന്ത്രന്‍– 1 എന്നിങ്ങനെയായിരുന്നു കണ്ണൂര്‍ കോര്‍പറേഷനിലെ കക്ഷിനില. തലശേരി നഗരസഭ ടെമ്പിള്‍വാര്‍ഡില്‍ ബിജെപിക്ക് തിരിച്ചടി. സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ അജേഷിനെ മുസ്ലിംലീഗിലെ എ കെ സക്കരിയ 63 വോട്ടിന് തോല്‍പ്പിച്ചു.

മലയാറ്റൂര്‍ നീലീശ്വരം ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് മലയാറ്റൂര്‍ നീലിശ്വരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് തോട്ടുവയില്‍ എല്‍ ഡി എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബിജു കണിയാന്‍കുടി (യുഡിഎഫ്) വിജയിച്ചു.

കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തെരുവത്ത് വാര്‍ഡില്‍ 175 വോട്ടിന് യുഡിഎഫിലെ ആര്‍ റീത്ത വിജയിച്ചു. എല്‍ ഡി എഫിലെ എം ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്.

ബളാല്‍ പഞ്ചായത്തില്‍ മലോത്ത് വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ (ജോസ്മോന്‍ വിഭാഗം) ജോയ് മൈക്കിള്‍ വിജയിച്ചു. കേരള കോണ്‍.മാണി വിഭാഗം ജില്ല പ്രസിഡന്റ് പി വി മൈക്കിള്‍ മരിച്ചപ്പോള്‍ വന്ന ഒഴിവാണ്. മരിച്ച മൈക്കിളിന്റെ മകനാണ് ജോയ്. എല്‍ഡിഎഫ് സ്വതന്ത്രന്‍ ജോര്‍ജ്കുട്ടി തോമസ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി.
കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ എല്‍ഡിഎഫിന് ജയം. ചോറോട് പഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ചന്ദ്രശേഖരന്‍ 84 വോട്ടിന് ജയിച്ചു.

മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര നോര്‍ത്ത്, എടത്തുംകര വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. പതിയാരക്കര നോര്‍ത്ത് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ഷിജു 378 വോട്ടിന് ജയിച്ചു. എടത്തുംകര വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധു ചാത്തോത്ത് 286 വോട്ടിന് വിജയിച്ചു. വില്യാപ്പള്ളി പഞ്ചായത്തിലെ കൂട്ടങ്ങാരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പത്മനാഭന്‍ 308 വോട്ടിന് വിജയിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ നെരോത്ത് വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ജുനൈദ് ഒറവങ്കര 82 വോട്ടിന് വിജയിച്ചു. തൃശൂര്‍ ജില്ലയില്‍ മാടക്കത്തറ പൊങ്ങണംകാട് 16ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ കെ സത്യന്‍ വിജയിച്ചു.യുഡിഎഫ് സീറ്റ് നിലനിര്‍ത്തി.

മുല്ലശേരി താണവീഥി എട്ടാം വാര്‍ഡില്‍ ബിജെപിയിലെ പ്രവീണ്‍ 20 വോട്ടിനു വിജയിച്ചു.

കോട്ടയം ജില്ലയില്‍ മൂന്ന് വര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളില്‍ ഓരോന്നു വീതം എല്‍ഡിഎഫും യുഡിഎഫും നിലനിര്‍ത്തി. ഒന്നില്‍ ബിജെപി വിജയിച്ചു.

വൈക്കം നഗരസഭ വൈക്കം നഗരസഭ 21-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി കെ ആര്‍ രാജേഷ് 257 വോട്ടിന് വിജയിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെതായിരുന്നു വാര്‍ഡ്. പ്രീത രാജേഷ് (കോണ്‍ഗ്രസ്സ്) ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഷാനി സുരേഷ് (സിപിഐ എം),എല്‍ഡി എഫില്‍ നിന്നും മത്സരിച്ചു. നിലവില്‍ കോണ്‍ഗ്രസ്സ് വാര്‍ഡ്. അംഗത്തിന്റെ മരണമാണ് തെരെഞ്ഞെടുപ്പിന് ഇടയാക്കിയത്.

വിജയപുരം പഞ്ചായത്ത് നാല്‍പാമറ്റം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ഉഷാ സോമന്‍ (സിപിഐ എം) 57 വോട്ടിന് വിജയിച്ചു. യുഡിഎഫിലെ രശ്മി എ നായര്‍ (കോണ്‍ഗ്രസ്സ്) ബിജെപിയിലെ അഞ്ജലി മംഗലത്ത് എന്നിവരായിരുന്നു എതിരാളികള്‍.
സിപിഐ എം വാര്‍ഡ്. അംഗത്തിന്റെ മരണം തെരെഞ്ഞെടുപ്പിന് വഴിയൊരുക്കി.

അകലക്കുന്നം പഞ്ചായത്ത് പൂവത്തിളപ്പ് വാര്‍ഡില്‍ കേരള കോണ്‍ഗ്രസ്സ് (ജോസ് വിഭാഗം) സ്ഥാനാര്‍ഥി ജോര്‍ജ് തോമസ് 63 വോട്ടിന് വിജയിച്ചു. ജോസഫ് വിഭാഗത്തില്‍ ബിപിന്‍ ആനിക്കല്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.

സംസ്ഥാനത്താകെ 28 വാര്‍ഡകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എല്ലാ ഡിവിഷനുകളിലുമായി ആകെ 90 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത് കണ്ണൂര്‍ കോര്‍പറേഷനിലെ ഒരു വാര്‍ഡിലും വൈക്കം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 21 പഞ്ചായത്ത് വാര്‍ഡുകളിലുമായരുന്നു തെരഞ്ഞെടുപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week