InternationalNews

ഋഷി സുനക്കിന് തിരിച്ചടി? ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി: അഭിപ്രായ സർവേയിൽ ലിസ് ട്രസ് മുന്നിൽ

ലണ്ടൻ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ വിദേശകാര്യ മന്ത്രി ലിസ് ട്രസ് മുന്നിലെന്ന് അഭിപ്രായ സർവേ. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക്കും ലിസ് ട്രസും തമ്മിലാണ് മത്സരം.

കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഋഷി ആയിരുന്നു മുന്നിൽ. എംപിമാരിൽ 137 പേർ ഋഷിയെ പിന്തുണച്ചപ്പോൾ ലിസിന് 113 വോട്ടാണ് ലഭിച്ചത്. ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 4 വരെ പാർട്ടി അംഗങ്ങൾക്കിടയിൽ നടക്കുന്ന വോട്ടെടുപ്പിൽ ഇവരിലൊരാളെ പാർട്ടി നേതാവായും പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കും. കൺസർവേറ്റീവ് പാർട്ടിയിലെ 730 അംഗങ്ങൾക്കിടയിൽ ‘യൂഗവ്’ നടത്തിയ പുതിയ സർവേയിൽ ലിസിന് ഋഷിയെക്കാൾ 24 പോയിന്റ് ലീഡുണ്ട്.

ബോറിസ് ജോൺസന്റെ പടിയിറക്കത്തിനു കാരണമായ രാജി പരമ്പരയ്ക്ക് തുടക്കം കുറിച്ച ഋഷി സുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ജയിച്ചാൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകും 42 കാരനായ ഋഷി സുനക്.

2020 ഫെബ്രുവരിയിലാണ് ഋഷിയെ ധനമന്ത്രിയായി ബോറിസ് ജോൺസൺ നിയമിച്ചത്. കൊവിഡ് കാലത്ത് ബിസിനസുകാർക്കും സാധാരണക്കാർക്കും വേണ്ടി ഋഷി അവതരിപ്പിച്ച പദ്ധതികൾക്ക് ജനപിന്തുണ ലഭിച്ചിരുന്നു. പഞ്ചാബിൽ നിന്നാണ് ഋഷിയുടെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.

ഫാർമസിസ്റ്റായ അമ്മയ്ക്കും നാഷ്ണൽ ഹെൽത്ത് ജനറൽ പ്രാക്ടീഷ്ണറായ പിതാവിന്റെയും മകനായി യുകെയിലാണ് ഋഷി സുനാക്ക് ജനിച്ചത്. ഓക്സ്ഫോർഡിൽ നിന്നും സ്റ്റാൻഫോർഡിൽ നിന്നുമാണ് വിദ്യാഭ്യാസം. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് ഋഷി വിവാഹം കഴിച്ചത്. കൃഷ്ണ, അനൗഷ്ക എന്നിവർ മക്കളാണ്.

റിച്ച്മണ്ട് യോക്ക്ഷെയറിൽ നിന്നും 2015-ലാണ് ഋഷി ആദ്യമായി എംപി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കൺസർവേറ്റീവ് പാർട്ടി അണികൾക്കിടയിൽ ഋഷി അതിവേഗം സ്വീകാര്യനായി. കൂടാതെ ‘ബ്രെക്സിറ്റി’നെ പിന്തുണയ്ക്കുകയും ചെയ്തു. ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ വിടുക എന്ന പ്രാചരാണത്തിനിടെ അദ്ദേഹത്തെ പിന്തുണച്ച വ്യക്തികളിൽ ഒരാളായിരുന്നു ഋഷി സുനാക്ക്.

കൊവിഡ് കാലത്ത് സാധാരണ ജനങ്ങളുടെ തൊഴിൽ നിലനിർത്താൻ പദ്ധതികൾ ആവിഷ്കരിച്ചത് വൻ സ്വീകാര്യത നേടിക്കൊടുത്തു. കൊവിഡ് കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാർ ഓഫീസുകളിൽ പാർട്ടി സംഘടിപ്പിച്ചത് തിരിച്ചടിയായി. സംഭവത്തിൽ ലണ്ടൻ പോലീസ് സുനകിനെതിരെ കേസെടുത്തിരുന്നു.


ഇന്ത്യക്കാരിയായ ഋഷിയുടെ ഭാര്യ അക്ഷത മൂർത്തിയുടെ ടാക്സ് വിവാദവും ഋഷിക്ക് തിരിച്ചടിയായി. ഐടി കമ്പനികളിൽ ഷെയറുകളുള്ള അക്ഷത ആഗോളപരമായി ലഭിക്കുന്ന വരുമാനത്തിൽ നിന്നും ബ്രിട്ടനിൽ ടാക്സ് അടയ്ക്കുന്നില്ലെന്നതാണ് വിവാദത്തിന് ഇടയാക്കിയത്.

പാകിസ്ഥാൻ വംശജനായ ആരോഗ്യ മന്ത്രി സാജിദ് ജാവീദും ഋഷിക്കൊപ്പം രാജിവെച്ചിരുന്നു. മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗിക ആരോപണം ഉയർന്നതും ഇയാളെത്തന്നെ സർക്കാരിന്റെ പ്രധാന സ്ഥാനത്തേക്ക് നിയമിച്ചതുമാണ് മന്ത്രിമാരെ അതൃപ്തരാക്കിയത്. ബോറിസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഋഷി സുനക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button