എഴുത്തുകാരന്‍ വി ആര്‍ സുധീഷ് നല്‍കിയ കേസില്‍ എം എ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്; പൊലീസിന്റെ കണ്മുന്നില്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോടതിയുടെ മെമ്മോ

കോഴിക്കോട്: സാഹിത്യ മീ ടു എന്ന പേരില്‍ പ്രശസ്തമായ കോഴിക്കോട്ടെ ലൈംഗികാരോപണക്കേസില്‍ കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. മീ ടു ആരോപിതനായ എഴുത്തുകാരന്‍ വി.ആര്‍. സുധീഷ് നല്‍കിയ അപകീര്‍ത്തി കേസില്‍, എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസിനെതിരെ ജാമ്യമില്ലാ വാറണ്ട്. കോടതി പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി കര്‍ശന നടപടി സ്വീകരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ബേപ്പൂര്‍ എസ്എച്ച്ഒയ്ക്ക് കോടതി മെമ്മോ അയക്കുകയും ചെയ്തു.

2023-ല്‍ നടന്ന മീ ടു വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വി.ആര്‍. സുധീഷ് കോടതിയെ സമീപിച്ചത്. 2025 ജൂണില്‍ ഷഹനാസിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 26-ന് ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചു. എന്നാല്‍, പ്രതി പൊലീസിന്റെ കണ്മുന്നിലുണ്ടായിട്ടും അറസ്റ്റ് നടപടികളിലേക്ക് നീങ്ങാത്ത സാഹചര്യത്തിലാണ് 2026 ഫെബ്രുവരി അഞ്ചിന് സിഐയ്ക്ക് കോടതി മെമ്മോ നല്‍കിയത്. കേസുമായി വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് വി ആ. സുധീഷ് വ്യക്തമാക്കി.

തന്റെ സാമൂഹിക ജീവിതത്തിന് ദോഷകരമാകും വിധമാണ് യുവതി പരാമര്‍ശം നടത്തിയതെന്നും ഇത് പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നും സുധീഷ് ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുധീഷ് ഷഹനാസിന് വക്കീല്‍ നോട്ടീസും അയച്ചിരുന്നു.

ലൈംഗികാതിക്രമവും മോശം പെരുമാറ്റവുമാണ് വി ആര്‍ സുധീഷിനെതിരെ ഷഹനാസ് ആരോപിച്ചത്. പുസ്തക പ്രസാധനവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി സുധീഷ് തന്നെ നിരന്തരം വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും, താന്‍ ഒറ്റയ്ക്ക് വരാന്‍ അദ്ദേഹം നിര്‍ബന്ധിച്ചിരുന്നതായും ഷഹനാസ് ആരോപിച്ചു.

ഷഹനാസിന്റെ ചിത്രം അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സുധീഷിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതിനെ തുടര്‍ന്ന് ഫോണിലൂടെയും അല്ലാതെയും ഭീഷണിപ്പെടുത്തിയതായും ഷഹനാസ് ആരോപിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ 2022 ജൂണില്‍ കോഴിക്കോട് വനിതാ പോലീസ് വി.ആര്‍. സുധീഷിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ (ഐപിസി 354എ), പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ (ഐപിസി 354ഡി), ഭീഷണിപ്പെടുത്തല്‍ (ഐപിസി 506) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പിന്നീട് ഇദ്ദേഹത്തിന് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു.

തന്റെ വെളിപ്പെടുത്തല്‍ ഒരു സാധാരണ ‘മീ ടു’ അല്ലെന്നും, വര്‍ഷങ്ങളായി താന്‍ നേരിട്ട പീഡനത്തോടുള്ള സ്വാഭാവികമായ ‘പ്രതികരണം’ മാത്രമാണെന്നുമാണ് ഷഹനാസ് വിശദീകരിച്ചത്. ഇത് തന്റെ മാത്രം പ്രശ്നമല്ലെന്നും, സാഹിത്യ-പ്രസാധന മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മറ്റ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു മുന്‍കരുതലാണെന്നും അവര്‍ പറഞ്ഞു. സുധീഷിനെതിരെ പരാതി നല്‍കിയതിനുശേഷം തന്നെയും തന്റെ സ്ഥാപനമായ മക്ബത്ത് പബ്ലിക്കേഷനെയും തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ മോശം പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

ഏകദേശം ഇതേ സമയത്തുതന്നെയാണ്, മുതിര്‍ന്ന സാഹിത്യകാരന്‍ സിവിക്ക് ചന്ദ്രനും കവി ജയദേവനും ആരോപണ വിധേയരായത്. സിവിക്ക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്സ്ആപ്പ് ഗൂപ്പില്‍ അംഗമായിരുന്ന യുവതിയാണ് അതേ ഗ്രൂപ്പില്‍ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. സിവിക്ക് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തിനായി പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ പേരിലുള്ള കേസ് ഇപ്പോഴും നടക്കുകയാണ്. അതിനിടെ കവി ജയദേവനും, സുധീഷും ആരോപിതരായതോടെ സാഹിത്യ മീ ടു എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ഇതിന്റെ ആഘോഷിച്ചിരുന്നു.

കെ.പി.സി.സി.യുടെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് എം എ ഷഹനാസ്. യൂത്ത് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സാംസ്‌കാരിക-സാഹിത്യ വിഭാഗം ചെയര്‍പേഴ്‌സണായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു ഷഹനാസ് അടുത്തിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

രാഹുല്‍ തനിക്ക് മോശമായ രീതിയില്‍ മെസ്സേജുകള്‍ അയച്ചിട്ടുണ്ടെന്നും അതിന് തെളിവുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.ഇതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അവര്‍ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. ഈ തുക ഉപയോഗിച്ച് വീടില്ലാത്ത 100 പേര്‍ക്ക് വീട് വെച്ച് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന്, 2025 ഡിസംബറില്‍ ഷഹനാസിനെ സംസ്‌കാര സാഹിതിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് നീക്കം ചെയ്തതായും വാര്‍ത്തകള്‍ വന്നിരുന്നു. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതിനെതിരെ താന്‍ മുന്‍പേ പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ അത് അവഗണിക്കപ്പെടുകയായിരുന്നു എന്നുമാണ് ഷഹനാസ് പറഞ്ഞത്.

എം.എ. ഷഹനാസിനെതിരെ മറ്റ് ഗൗരവകരമായ ആരോപണങ്ങള്‍ കൂടി ഉയര്‍ന്നിട്ടുണ്ട്. 2014-ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ, തനിക്ക് ഐഎഎസ് ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് കോളേജ് അധികൃതരെക്കൊണ്ട് അനുമോദന ചടങ്ങ് സംഘടിപ്പിക്കുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം.

ഈ നേട്ടത്തിന്റെ പേരില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതായും സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. വ്യാജരേഖകള്‍ ചമയ്ക്കല്‍, വ്യാജ സര്‍ക്കാര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍മ്മിക്കല്‍, ഐഎഎസ് ലഭിച്ചുവെന്ന് പറഞ്ഞ് കോളേജിനെ കബളിപ്പിക്കല്‍ എന്നീ കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് ഫറോക്ക് സ്വദേശിയായ നിയാസ് മലബാരി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പാസ്‌പോര്‍ട്ടിലും ഡ്രൈവിംഗ് ലൈസന്‍സിലും ഗൂഗിള്‍ പേയിലും വ്യത്യസ്ത പേരുകള്‍ (ഷഹനാസ്, പ്രിയ സിജീഷ് എന്നിങ്ങനെ) ഉപയോഗിക്കുന്നതായും ഇതുവഴി ഷഹനാസിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ എല്ലാ തിരിച്ചറിയല്‍ രേഖകളും നിയമപരമാണെന്നും ഷഹനാസ് പ്രതികരിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിലുള്ള പ്രതികാരമായാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത് എന്നാണ് അവരുടെ പക്ഷം.

A Kozhikode court has issued a non-bailable warrant against writer and publisher M.A. Shahanas in a defamation case filed by writer V.R. Sudheesh. The case pertains to the ‘Literary MeToo’ allegations Shahanas had leveled against Sudheesh. The Kozhikode Judicial First Class Magistrate Court took the stern action after Shahanas repeatedly failed to appear before the court despite multiple summons. The court also issued a memo to the Beypore SHO for the delay in executing the arrest warrant.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News