നിലമ്പൂർ: നിലമ്പൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഓഫീസിൽ നിന്ന് രണ്ടേമുക്കാൽ ലിറ്റർ കണക്കിൽപ്പെടാത്ത മദ്യം പോലീസ് വിജിലൻസ് വിഭാഗം കണ്ടെടുത്തു. ഓഫീസിന്റെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന ടയറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ.
മലപ്പുറം പോലീസ് വിജിലൻസ് ഇൻസ്പെക്ടർമാരായ ജ്യോതീന്ദ്രകുമാറിന്റെയും സന്ദീപ് കുമാറിന്റെയും നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ നടന്ന മിന്നൽ പരിശോധനയിൽ അരലിറ്ററിന്റെ ഹണിബീയുടെ നാല് കുപ്പികളും ജവാൻ ട്രിപ്പിൾഎക്‌സ് റമ്മിന്റെ 750 മില്ലിലിറ്ററിന്റെ ഒരു കുപ്പിയും പിടിച്ചെടുത്തു.
സംസ്ഥാനത്തെ മുഴുവൻ ബാറുകളിലും പോലീസ് വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി നിലമ്പൂരിലെ രണ്ട് ബാറുകളിൽ പരിശോധന നടത്തിയെങ്കിലും അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. തുടർന്നാണ് നിലമ്പൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നിലമ്പൂർ എക്‌സൈസ് സർക്കിൾ വിഭാഗം ഓഫീസിൽ പരിശോധന നടത്തിയത്. ടയറുകൾക്കിടയിൽ സുരക്ഷിതമായി ഒളിപ്പിച്ചു വെച്ച നിലയിലാണ് മദ്യം കണ്ടെടുത്തത്. പരിശോധനയുടെ റിപ്പോർട്ട് പോലീസ് വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ മലപ്പുറം പോലീസ് വിജിലൻസ് പറഞ്ഞു.


