തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരും. അതേസമയം, മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് അവ്യക്തത ഇപ്പോഴും തുടരുകയാണ്. മദ്യം ബുക്ക് ചെയ്യാന്‍ ബെവ്ക്യൂ ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എക്സൈസ്-ബെവ്കോ പ്രതിനിധികള്‍ ബുധനാഴ്ച എക്സൈസ് മന്ത്രി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തും. മൊബൈല്‍ ആപ്പായി നേരത്തെ ഉപയോഗിച്ച ബെവ്ക്യൂ ആപ്പ് തന്നെ ഉപയോഗിക്കാനാണ് സാധ്യത. എന്നാല്‍ കഴിഞ്ഞ തവണ അപാകതയുണ്ടായ ആപ്പ് വേണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ അഭിപ്രായം.
ആവശ്യത്തിന് ഷോപ്പുകള്‍ തുറക്കുന്നത് കൊണ്ട് തിരക്കുണ്ടാകില്ലെന്നും പോലീസിനെ ഉപയോഗിച്ച് തന്നെ നിയന്ത്രിക്കാമെന്നുമാണ് എക്സൈസിന്റെ നിലപാട്. അഭിപ്രായ വ്യത്യാസമുള്ള സാഹചര്യത്തില്‍ ബുധനാഴ്ച എക്സൈസ് മന്ത്രിയുമായുള്ള ഉദ്യോഗസ്ഥ ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവുകയുള്ളു.
ആപ്പില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്നാണ് ബെവ്‌കോ അധികൃതര്‍ അറിയിച്ചത്. ബെവ്ക്യൂ ആപ്പ് പ്രതിനിധികളുമായി ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞ പ്രദേശത്ത് ബെവ്‌കോ, ബാറുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. ആപ്പില്‍ സ്ലോട്ട് ബുക്ക് ചെയ്ത് ടോക്കണ്‍ വഴിയാകും മദ്യവില്‍പ്പന.