NationalNews

അഴിമതിയാരോപണം കത്തി, ഡൽഹിയിലെ മദ്യവില്‍പന വീണ്ടും സർക്കാറിന് കീഴിലേക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മദ്യവില്‍പന വീണ്ടും സർക്കാറിന് കീഴിലേക്ക്. മദ്യവില്‍പന സ്വകാര്യവല്‍ക്കരിച്ച തീരുമാനം ആംആദ്മി സര്‍ക്കാര്‍ പിന്‍വലിച്ചു.പുതിയ അബ്കാരിനയത്തില്‍ ലഫ് ഗവര്‍ണ്ണര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്.

ഡൽഹി സർക്കാറിന്‍റെ മെഗാ അഴിമതിയാണ് അബ്കാരി നയമെന്ന് പുതിയ നടപടികളിലൂടെ വ്യക്തമായെന്ന് ബിജെപി കുറ്റപ്പെടുത്തി. 2021 നവംബറിലാണ് മദ്യ വില്‍പന പൂർണമായും സ്വകാര്യ വത്കരിച്ച് പുതിയ അബ്കാരി നയം നടപ്പാക്കി തുടങ്ങിയത്. അതുവരെ സർക്കാറിന്‍റെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള ഔട്ലെറ്റുകളിലൂടെയായിരുന്നു മദ്യവില്‍പന.

എന്നാല്‍ സ്വകാര്യ ഔട്ലെറ്റുകളിലൂടെ വില്‍ക്കുന്ന മദ്യത്തിന്‍റെ ഗുണനിലവാരം സംബന്ധിച്ചും മറ്റും പരാതികൾ വ്യാപകമായി ഉയർന്നു. പിന്നാലെ പുതിയ അബ്കാരി നയം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ഡൽഹി ഗവർണർ വൈഭവ് സക്സേന ആവശ്യപ്പെട്ടു.

ഇതോടെയാണ് കെജ്രിവാൾ സർക്കാറിന്‍റെ യു ടേൺ. അതേസമയം ഷോപ്പുടമകളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നാണ് ദില്ലി സർക്കാറിന്‍റെ ആരോപണം, ഇനിയുള്ള ആറുമാസത്തേക്ക് പഴയതുപോലെ സർക്കാർ ഔട്ലെറ്റുകളിലൂടെ തന്നെ മദ്യ വില്‍പന നടത്തുമെന്നും.

ആറുമാസത്തിന് ശേഷം പുതിയ അബ്കാരി നയം നടപ്പാക്കുമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. അതേസമയം അഴിമതി നടത്തിയെന്ന് ആംആദ്മി സർക്കാർ അംഗീകരിച്ചെന്നും, സത്യേന്ദ്ര ജെയിനൊപ്പം മനീഷ് സിസോദിയയും ജയിലിലെത്തുമോയെന്നും ബിജെപി ആരോപിയ്ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button