സഞ്ജു ടീമില്‍,സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ധവാന്‍ ക്യാപ്റ്റന്‍

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനാണ് നായകന്‍. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനും ടീമിലുണ്ട്. സ്പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറും പേസര്‍ ദീപക് ചാഹറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. വിരാട് കോലി ടീമിലില്ല.

ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്ക് മടങ്ങാന്‍ കോലിയെ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ കോലിയുടെ തിരിച്ചുവരവ് ഏഷ്യാ കപ്പിലെ ഉണ്ടാകൂ എന്ന് ഉറപ്പായി.

പരിക്കിനെത്തുടര്‍ന്ന് ഇരുവരും ദീര്‍ഘനാളായി ടീമിന് പുറത്തായിരുന്നു. സുന്ദര്‍ കൗണ്ടി ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്നതിനിടെയാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തുന്നത്. ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

പേസര്‍മാരായി പ്രസിദ്ധ് കൃഷ്ണ, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ദീപക് ചാഹറിന് പുറമെ ടിമിലിടം നേടിയത്. സ്പിന്നര്‍മാരായി അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സുന്ദറിന് പുറമെ ടീമിലുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കളിച്ച യുസ്‌വേന്ദ്ര ചാഹലിന് ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര തൂത്തുവാരിയ അതേ ടീമിനെ സെലക്ടര്‍മാര്‍ ഏതാണ്ട് നിലനിര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News