കൊച്ചി∙ കോവിഡ് കേസുകൾ വർധിച്ച്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതോടെ ജില്ലയിലെ ബവ്റിജസ് ഷോപ്പുകളും ബാറുകളും കൂട്ടത്തോടെ അടച്ചു. ലോക്ഡൗൺ ഇളവുകൾ ബാധകമായ എ, ബി കാറ്റഗറിയിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ മാത്രമേ മദ്യവിൽപനശാലകൾക്കു പ്രവർത്തിക്കാൻ അനുമതിയുള്ളൂ. കുറച്ചുദിവസങ്ങളായി ജില്ലയിൽ കേസുകൾ കൂടുകയാണ്. പല സ്ഥലങ്ങളിലും ടിപിആർ വർധിച്ച് എ, ബി കാറ്റഗറി സ്ഥലങ്ങൾ സി കാറ്റഗറിയിലേക്കു മാറി. ഇതോടെയാണ് മദ്യവിൽപനശാലകൾ കൂട്ടത്തോടെ പൂട്ടേണ്ടിവന്നത്.
ജില്ലയിലെ ബവ്റിജസ് കോർപ്പറേഷന്റെ കീഴിലുള്ള 40 ഔട്ലെറ്റുകളിൽ 32 എണ്ണവും പൂട്ടി. ടിപിആർ ഉയർന്ന് സി കാറ്റഗറിയിൽ എത്തിയതോടെ കൊച്ചി കോർപറേഷനിലെ മുഴുവൻ ബവ്റിജസ്, കൺസ്യൂമർഫെഡ് ഔട്ലെറ്റുകളും ബാറുകളും പൂട്ടി. ബവ്റിജസ് കോർപറേഷനു 14 ഔട്ലെറ്റുകളും കൺസ്യൂമർഫെഡിനു 4 ഔട്ലെറ്റുകളുമാണ് കൊച്ചി കോർപറേഷനുള്ളിൽ ഉള്ളത്. ജില്ലയിലെ പുത്തൻകുരിശ്, കളമശേരി, രാമമംഗലം, ഇലഞ്ഞി, പിറവം, പോത്താനിക്കാട്, പട്ടിമറ്റം, നെടുമ്പാശേരി എന്നീ ബവ്റിജസ് കോർപറേഷൻ ഔട്ലെറ്റുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
ഇതിനു പുറമേ എ, ബി കാറ്റഗറിയിലെ ബാറുകൾക്കും പ്രവർത്തിക്കാം.
തുറന്നിട്ടുള്ള ഷോപ്പുകളിലേക്കു മറ്റ് സ്ഥലങ്ങളിൽനിന്ന് ആളുകൾ കൂട്ടത്തോടെ മദ്യം വാങ്ങാനെത്തുന്നത് അടുത്ത ദിവസം മുതൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. അടച്ച ഷോപ്പുകളിലെ ജീവനക്കാരെ തുറന്ന സ്ഥലങ്ങളിലേക്ക് താൽക്കാലികമായി നിയോഗിച്ച് തിരക്കു പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഷോപ്പുകളിലെ അസൗകര്യങ്ങൾ പരിമിതിയാകും. ശനിയും ഞായറും ലോക്ഡൗണായതിനാൽ തുറന്ന ഷോപ്പുകളിൽ അടുത്ത ദിവസം വൻ തിരക്കുണ്ടാകാൻ സാധ്യതയുമുണ്ട്.